മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ സ്വകാര്യ ബസില്‍ നിന്ന് ഇറക്കിവിട്ട അവശനായ രോഗി മരിച്ചു

മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ സ്വകാര്യ ബസില്‍ നിന്നു ഇറക്കിവിട്ട അവശനായ രോഗി മരിച്ചു. എഇ സേവ്യര്‍ (68)ആണ് മരിച്ചത്. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാര്‍ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ആരോപണം. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ബസ് ജീവനക്കാര്‍ ആവശ്യമായ പരിഗണന നല്‍കാതെ ഇയാളെ റോഡില്‍ ഇറക്കിവിട്ടതായാണ് ബന്ധുക്കളുടെ ആരോപണം. വണ്ണപുറം സ്വദേശി എഇ സേവ്യര്‍ മുവാറ്റുപുഴയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടയില്‍ അവശത പ്രകടിപ്പിച്ച സേവ്യറിനെ ഉടനടി ആശുപത്രിയിലെത്തിക്കാനോ, പ്രാഥമിക ചികിത്സ നല്‍കാനോ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് ആരോപണം.

അതേസമയം ബസ് ജീവനക്കാര്‍ രോഗിക്ക് പരിഗണന നല്‍കിയെന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്നുമാണ് ബസ് ഉടമ പറയുന്നത്. ബസ് ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം താനാണ് രോഗിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ ഇസ്മായില്‍ പ്രതികരിച്ചു.

അസ്വാഭാവിക മരണത്തിന് കാളിയാര്‍ പൊലീസ് കേസെടുത്തു. പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ റോഡ് ഉപരോധിച്ചു . മുവാറ്റുപുഴ വണ്ണപുറം റോഡാണ് ഉപരോധിച്ചത്.

DONT MISS
Top