മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ താമസക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ താമസക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ഫ്‌ളാറ്റുകള്‍ ഈ മാസം 20നകം പൊളിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഉത്തരവിട്ടിരുന്നു. പൊളിക്കുന്നതിന് വേണ്ടി ഫ്ളാറ്റ് ഒഴിഞ്ഞ് പോകണമെന്ന് നോട്ടീസ് ലഭിച്ച ഉടമകള്‍ക്ക് ഹര്‍ജി സ്വീകരിച്ചത് താത്കാലിക ആശ്വാസമായി. തിരുവോണ ദിനമായ ഇന്ന് നഗരസഭക്ക് മുന്നില്‍ ഫ്‌ളാറ്റ് ഉടമകള്‍ നിരാഹാര സമരം നടത്തുന്നുണ്ട്.

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം നിലവിലുണ്ട്. എന്നാല്‍, തിരുത്തല്‍ ഹരജി സമര്‍പ്പിക്കുന്നതില്‍ തടസമില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മരടിലെ ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് ഉടമകളാണ് തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

തിരുത്തല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മൂന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ അടക്കം അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാകും പരിഗണിക്കുക. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് മരട് നഗരസഭ ഇന്നലെ അഞ്ച് ദിവസത്തിനുള്ളില്‍ താമസക്കാര്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നാല് ഫ്‌ളാറ്റുകളിലും നോട്ടീസ് നല്‍കിയത്. ആല്‍ഫ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ന്‍ ഫ്‌ളാറ്റുകളിലെ ഉടമകള്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല.

ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ ചില ഉടമകള്‍ ഒഴികെ മറ്റെല്ലാവരും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭിത്തിയില്‍ നോട്ടീസ് പതിപ്പിച്ചു മടങ്ങി. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ അഞ്ച് ദിവസമാണ് നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
ഫ്‌ളാറ്റ് പൊളിക്കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുന്നതിനുളള നടപടികളും നഗരസഭ ആരംഭിച്ചു കഴിഞ്ഞു.

DONT MISS
Top