”മുറ്റത്തെ മുല്ല” പദ്ധതി തൃശ്ശൂരില്‍ ആരംഭിച്ചു; ഒമ്പത് വാര്‍ഡുകളില്‍ പെട്ട 14 കടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയാണ് ആദ്യഘട്ടം

വട്ടി പലിശക്കാരില്‍ നിന്നും കൊള്ളപലിശക്കാരില്‍ നിന്നും സാധാരണക്കാരെ പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ”മുറ്റത്തെ മുല്ല” പദ്ധതി തൃശ്ശൂര്‍ ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. ബാങ്ക് പരിധിയില്‍ പെടുന്ന ഒമ്പതു വാര്‍ഡുകളില്‍ പെട്ട 14 കടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.

”മുറ്റത്തെ മുല്ല” പദ്ധതിക്കായി2.8 കോടി രൂപയാണ് തൃശ്ശൂര്‍ ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണബാങ്ക് ബാങ്ക് വകയിരുത്തിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ അയല്‍ക്കൂട്ടത്തിനുംഇരുപത് ലക്ഷം വീതം ബാങ്ക് നല്‍കും. ഒമ്പത് ശതമാനം പലിശയാണ് ബാങ്ക് അവരില്‍ നിന്നും ഈടാക്കുക. അയല്‍ക്കൂട്ടങ്ങള്‍ 12 ശതമാനം പലിശയ്ക്ക് ഈ പണം സാധാരണക്കാരന് നല്‍കും.52 ആഴ്ചകളായി പലിശ സഹിതം തിരിച്ച് അടക്കണം. ആയിരം രൂപക്ക് അഞ്ച് രൂപ നിരക്കില്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് കൈകാര്യ ചെലവ് ഗുണഭോക്താക്കളില്‍ നിന്നും വാങ്ങാം. വീഴ്ച വരുത്തുന്നവരില്‍ നിന്നും പത്തു രൂപ റീ കളക്ഷന്‍ ചാര്‍ജിനത്തിലും രണ്ടു രൂപ പിഴയായും പിരിച്ചെടുക്കും. മൂന്നു ശതമാനം പലിശ, കൈ കാര്യ ചെലവ്, റീ കളക്ഷന്‍ ചാര്‍ജ്, പിഴ എന്നിവ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭിക്കും.

ആള്‍ ജാമ്യം, സ്വര്‍ണ്ണം, ഭൂമി, നികുതി രശീതി ഇവയൊന്നും വായ്പക്കു ഈടു നല്‍കേണ്ടതില്ല. ഗുണഭോക്താവിന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, പ്രൊമിസറിനോട്ട്, ത്രികക്ഷി കരാര്‍, അപേക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കും. പിരിച്ചെടുക്കുന്ന തുക പിറ്റേന്ന് അയല്‍ക്കൂട്ട ഭാരവാഹികള്‍ ബാങ്കില്‍ നിക്ഷേപിക്കും. ഗുണഭോക്താക്കളുടെ ആവശ്യകതയനുസരിച്ച് ബാങ്കില്‍ അടച്ച തുക വീണ്ടും വായ്പ നല്‍കും. ഈ വായ്പ പ്രകാരം ഒരു ഗുണഭോക്താവിന് 1000 രൂപ മുതല്‍ 50000 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മണലൂര്‍ എം.എല്‍.എ.മുരളി പെരുനെല്ലി നിര്‍വ്വഹിച്ചു. ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷത വഹിച്ചു.മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.കെ.ലതിക തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top