മയക്കുമരുന്ന് തേടി ഇറങ്ങിപ്പോകുന്ന മകളെ അമ്മ വീടിനുള്ളില്‍ ചങ്ങലയ്ക്കിട്ടു

മയക്കുമരുന്ന് തേടി വീടുവിട്ടിറങ്ങിപ്പോകുന്ന മകളെ അമ്മ വീടിനുള്ളില്‍ ചങ്ങലയ്ക്കിട്ടു പൂട്ടി. മയക്കുമരുന്നിന്റെ അടിമത്തത്തില്‍ നിന്ന് മകളെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് അമ്മ പ്രതികരിച്ചു. പഞ്ചാബിലെ അമൃത്സറിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഏറെക്കാലമായി മയക്കുമരുന്നു ഉപയോഗിച്ചു വരികയായിരുന്ന പെണ്‍കുട്ടിക്ക് മരുന്നില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ്. മരുന്ന് കിട്ടാതെ വന്നതോടെ വീടുവിട്ട് മയക്കുമരുന്ന് കിട്ടുന്ന സ്ഥലം തേടി പോകാന്‍ തുടങ്ങിയതോടെയാണ് അമ്മ മകളെ വീടിനുള്ളില്‍ പൂട്ടിയിട്ടത്.

നേരത്തെ മൂന്ന് തവണ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലഹരി വിമോചന കേന്ദ്രത്തില്‍ എത്തിച്ചിരുന്നുവെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോള്‍ അധികൃതര്‍ എല്ലാം ഭേദമായെന്ന് പറഞ്ഞ് മകളെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. അസുഖം പൂര്‍ണ്ണമായും ഭേദപ്പെടുംവരെ മകളെ ലഹരി വിമോചനകേന്ദ്രത്തിലേക്ക് മാറ്റാന്‍ അമ്മ സര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. മയക്കുമരുന്നില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷ നേടുന്നതുവരെ മകളെ ലഹരിവിമോചന കേന്ദ്രത്തില്‍ തുടരാന്‍ അനുവദിക്കുമോയെന്ന് അഭ്യര്‍ത്ഥിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഥലം എംപിയായ ഗുജ്‌റീത്ത് സിങ്ങ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പെണ്‍കുട്ടിയുടെ അമ്മയോട് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ എംപി പെണ്‍കുട്ടിയെ ഇതില്‍ നിന്നും രക്ഷപ്പെടുത്താനുള്ള എല്ലാ വൈദ്യസഹായവും ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്തു. ആവശ്യമെങ്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ചികിത്സിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംപി പറഞ്ഞു.

DONT MISS
Top