ആവശ്യമായത് വെങ്കയ്യ നായിഡുവിന്റെ അനുമതി; അറസ്റ്റിലായത് രാജ്യസഭാംഗം

പി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിന്റെ അനുമതിക്ക് ശ്രമിച്ച് സിബിഐ. രാജ്യസഭാംഗം എന്ന തരത്തിലുള്ള ഒരു പരിഗണനയും ചിദംബരത്തിന് നല്‍കാനാകില്ല എന്ന സുപ്രിംകോടതിയുടെ പ്രസ്താവനയാണ് സിബിഐയ്ക്ക് ബലമായത്. എന്നാല്‍ രാജ്യസഭാംഗത്തെ അറസ്റ്റ് ചെയ്യാന്‍ കൃത്യമായ നടപടിക്രമങ്ങള്‍ സിബിഐ പാലിക്കേണ്ടതായുണ്ട്.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് രാവിലെയാണ് സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കരുതിയത്. എന്നാല്‍ അതും ഉണ്ടാകാത്ത അവസ്ഥയില്‍ ചിദംബരത്തിന്റെ എല്ലാ നീക്കവും പാളുകയായിരുന്നു.

ഇന്നലെ ജാമ്യാപേക്ഷ തള്ളിയപ്പോഴേ സിബിഐയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതിയും ചിദംബരത്തെ കയ്യൊഴിഞ്ഞു.

ഒന്നാം യുപിഎ സര്‍ക്കാറില്‍ ചിദംബരം ധനമന്ത്രി ആയിരിക്കെ ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വിദേശത്തുനിന്ന് മുതല്‍മുടക്കായി 305 കോടി രൂപ കൊണ്ടുവരാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ചതില്‍ ക്രമക്കേട് കാട്ടി എന്നതാണ് കേസ്. ചോദ്യം ചെയ്യലില്‍ ചിദംബരം കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറി.

Also Read: ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

DONT MISS
Top