ചിലര്‍ എന്റെ അമ്മയ്ക്ക് വരെ വിളിച്ചു, ഞാന്‍ തള്ളിയതല്ല, അമ്മ നല്‍കിയത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷം രൂപ: ടിനി ടോം

ദുരിതാശ്വാസ ഫണ്ടിലെത്തിയ പാവങ്ങള്‍ക്ക് എത്തിയില്ലെന്ന് ആരോപിച്ച് ധര്‍മജന്‍ രംഗത്തെത്തിയിരുന്നു. കൃത്യമായ സഹായം ലഭ്യമാകുന്നില്ലെന്ന താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നടന്‍ ടിനി ടോമും രംഗത്തെത്തിയിരുന്നു. താരസംഘടന അമ്മ നല്‍കിയ അഞ്ച് കോടി രൂപ എന്തുചെയ്‌തെന്ന് അറിയില്ലെന്നും അത് അറിയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ടിനി ടോം ‘റിപ്പോര്‍ട്ടര്‍ ടിവി’യോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ നടനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായത്. തന്റെ അമ്മയ്ക്ക് വരെ വിളിച്ചവരുണ്ടെന്ന് നടന്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. അമ്മ നല്‍കിയത് അഞ്ച് കോടിയല്ലെന്നും അഞ്ച് കോടി 90 ലക്ഷമാണെന്നും അതിന്റെ രേഖകള്‍ പുറത്തുവരുമെന്നും ടിനി ടോം പറഞ്ഞു.

Also read:ആധാര്‍ കാര്‍ഡിലെ ഫോട്ടോ പ്രൊഫൈല്‍ ഇടാന്‍ പറഞ്ഞാലോ; എന്നാല്‍ പിന്നെ ഡിപി മാറ്റാന്‍ വില്ലേജ് ഓഫീസറുടെ സമ്മതപത്രം കൂടി വാങ്ങാം

ടിനി ടോമിന്റെ വാക്കുകള്‍

അഞ്ച് കോടി അമ്മ തന്നുവെന്ന് പറഞ്ഞത് തള്ളിയതല്ല. അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷം രൂപയാണ് അമ്മ കൊടുത്തത്. അതിന്റെ തെളിവ് വരും. ബില്ലും കാര്യങ്ങളുമെല്ലാം ഉണ്ട്. ഞാന്‍ പറഞ്ഞതില്‍ ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. നമ്മള്‍ കണക്ക് പറഞ്ഞതല്ല, സഹജീവികള്‍ക്ക് വീടുകിട്ടണം. അത്രേയുള്ളൂ…കാരണം ഈ പ്രളയം അനുഭവിച്ചയാളാണ് ഞാന്‍. വിശപ്പ് അറിഞ്ഞവനല്ലേ, വിശപ്പിന്റെ വില അറിയാനാകൂ. പല രീതിയില്‍ ആളുകള്‍ പ്രതികരിച്ചു. എന്റെ അമ്മയ്ക്ക് വരെ വിളിച്ചു, കുഴപ്പമില്ല. എന്റെ വീട്ടിലിരിക്കുന്ന അമ്മ തെറ്റൊന്നും ചെയ്തിട്ടില്ല. എന്നാലും സാരമില്ല. ഞാനെന്റെ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. പബ്ലിസിറ്റിക്ക് വേണ്ടിയല്ല.

അമ്മയുടെ ധനസഹായവുമായി ബന്ധപ്പെട്ട് ടിനി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത് ഇങ്ങനെ

കഴിഞ്ഞ തവണ താരസംഘടനയായ അമ്മ അഞ്ച് കോടിയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. ട്രഷറിയില്‍ കൊണ്ടാണ് അടച്ചത്. പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ ഗവണ്‍മെന്റിന്റെ പോളിസി അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ എന്നാണ് അവര്‍ പറഞ്ഞത്. അത് എങ്ങനെ ഉപയോഗിച്ചൂ എന്നതിനെക്കുറിച്ച് അറിയാനുള്ള അവകാശവും അര്‍ഹതയും നമുക്കുണ്ട്. അഞ്ച് കോടി രൂപ എന്ത് ചെയ്തുവെന്ന് ലാലേട്ടന്‍ അമ്മയിലെ അംഗങ്ങളെ അറിയിക്കേണ്ടതുണ്ട്. ഗവണ്‍മെന്റ് എന്ത് ചെയ്തുവെന്ന് അറിഞ്ഞാല്‍ മാത്രമേ അംഗങ്ങളോട് പറയാനാകൂ. ഇത് തന്നെയാണ് ധര്‍മജന്‍ ചോദിച്ചത്. അതില്‍ കൂടുതല്‍ ആരെയും അവന്‍ കുറ്റപ്പെടുത്തിയിട്ടില്ല.

പണം എന്ത് ചെയ്തുവെന്ന് ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. ഇത്തവണ നേരിട്ട് വയനാട് എത്തി സഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. സിനിമാക്കാര്‍ വെറുതെ വീട്ടിലിരിക്കുകയാണെന്ന് കരുതരുത്. ചിലര്‍ക്ക് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ നേരിട്ടിറങ്ങിയാല്‍ ഉരുള്‍പൊട്ടലുണ്ടാക്കിയതിനേക്കാള്‍ ബ്ലോക്ക് ഉണ്ടാകും. ജോജു, ടോവിനോ എന്നിവരെ നേരിട്ടിറങ്ങി പ്രവൃത്തിക്കാന്‍ കഴിയുന്നവരുണ്ട്. ഇനി നേരിട്ടിറങ്ങി പ്രവൃത്തിക്കാനാണ് സംഘടനയുടെ തീരുമാനം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top