ബ്രസീലിയന്‍ സെന്റര്‍ ബാക്ക് ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: ബ്രസീല്‍ ഫുട്‌ബോള്‍ താരം ജൈറോ റോഡ്രിഗസ് പീക്‌സോറ്റൊ ഫില്‍ഹോ ഐഎസ്എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. 190സെന്റിമീറ്റര്‍ ഉയരമുള്ള 26കാരനായ ജൈറോ, ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ് എസ്‌പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ്‌സി, അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.

‘ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2019-20 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമായി അറിയപ്പെടുന്ന കെബിഎഫ്സിക്കായി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന സീസണില്‍ മികച്ച ഫലം നേടുന്നതിനായി ശക്തമായ ഒരു പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിന് പ്രീസീസണില്‍ എന്റെ ടീമംഗങ്ങളുമായി കഠിന പരിശീലനം നടത്തുക എന്നതാണ് എന്റെ ലക്ഷ്യം. കൂടാതെ ടീമിനായി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിക്കും.’ ജൈറോ വ്യക്തമാക്കി.

‘ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ജെയ്റോ റോഡ്രിഗസ് ടീമിലെത്തിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. ശക്തിയും വേഗതയും സമുന്യയിപ്പിച്ച് കളിക്കുന്ന അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ സംഘത്തിന് കരുത്തേകും. മികച്ച ആക്രമണ ഗുണങ്ങളും ജെയ്റോയ്ക്കുണ്ട്. കൂടാതെ പന്ത് മിഡ്ഫീല്‍ഡിലേക്ക് തള്ളിവിടാന്‍ ഒരിക്കലും അദ്ദേഹം ഭയപ്പെടുന്നില്ല, ഇത് അദ്ദേഹത്തിനും ടീമിനും ഒരു പോലെ ഗുണം ചെയ്യും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ ബ്രസീലിയന്‍ മതിലായി അദ്ദേഹം മാറും.’കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇല്‍ക്കോ ഷട്ടോരി പ്രത്യാശ പ്രകടിപ്പിച്ചു.

DONT MISS
Top