കാന്താരി മുളക് കൃഷി ചെയ്തു; ലഭിച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി നല്‍കി തമന്നയെന്ന കുഞ്ഞു കര്‍ഷക

തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വേറിട്ട സമ്പാദ്യം സംഭാവനയായി നല്‍കി തമന്നയെന്ന കുഞ്ഞു കര്‍ഷക. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പടിഞ്ഞാറേ വെമ്പല്ലൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തമന്ന ഫാത്തിമയാണ് താന്‍ സ്വന്തമായി ചെയ്യുന്ന കാന്താരിമുളക് കൃഷിയില്‍ നിന്ന് കിട്ടിയ 1000 രൂപ സംഭാവനയായി നല്‍കിയത്.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പടിഞ്ഞാറേ വെമ്പല്ലൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാലാം ക്ലാസിലെ സ്‌കൂള്‍ പ്രോജക്ടുകളുടെ ഭാഗമായി ചെയ്തു പോന്ന കൃഷിയിലേയ്ക്ക് തമന്നയുടെ കുഞ്ഞു മനസ്സ് ആകര്‍ഷിക്കപ്പെട്ടതാണ് കാന്താരിമുളക് കൃഷി ചെയ്യാന്‍ പ്രേരണ. കൃഷി ഓഫീസര്‍ തങ്കരാജിന്റെ സഹായത്തോടെയാണ് വീടിന്റെ ടെറസിന്റെ മുകളില്‍ മുളക് കൃഷി നടത്തി വരുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നാണയങ്ങള്‍ നിറഞ്ഞ തന്റെ സമ്പാദ്യ കുടുക്ക ഈ കുഞ്ഞുമിടുക്കി സംഭാവനയായി നല്‍കിയിരുന്നു. ഇത്തവണ എങ്ങനെ നല്‍കണം എന്നാലോചിച്ചു നോക്കിയപ്പോഴാണ് വിളവെടുപ്പ് നടത്തിയാല്‍ സംഭാവനയ്ക്കുള്ള പണം നല്‍കാനാകും എന്നോര്‍ത്തത്.

വിളവെടുപ്പില്‍ കര്‍ഷക മിത്ര തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സജികുമാര്‍, കൃഷി ഓഫീസര്‍മാരായ തങ്കരാജ്, അജി, ലബീന, സ്‌കൂള്‍ പ്രധാന അദ്ധ്യാപിക സീനത്ത്, നൂജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കാളികളായി. കര്‍ഷകമിത്ര തമന്നയ്ക്ക് നല്‍കിയ പണം കയ്പമംഗലം എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്ററുടെ പ്രതിനിധി എന്‍സി പ്രശാന്ത് ഏറ്റു വാങ്ങി. എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്ററുടെ പേഴ്സ്ണല്‍ സ്റ്റാഫും ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി ഡയറക്ടറുമായ ഷെമീര്‍ പതിയാശ്ശേരിയുടെയും അധ്യാപിക ഷാഹിറയുടെയും മകളാണ് തമന്നാ ഫാത്തിമ.

DONT MISS
Top