അപവാദ പ്രചരണം; ഫാദര്‍ നോബിള്‍ പാറയ്ക്കലിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര പൊലീസില്‍ പരാതി നല്‍കി

സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ വൈദികനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര പൊലീസില്‍ പരാതി നല്‍കി. മാനന്തവാടി രൂപതയിലെ പിആര്‍ഒ ടീമിലെ അംഗമായ ഫാദര്‍ നോബിള്‍ പാറയ്ക്കലിനെതിരെയാണ് സിസ്റ്റര്‍ പരാതി നല്‍കിയത്. തന്നെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ യൂട്യൂബിലൂടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘അടുക്കള വാതിലിലൂടെ അകത്തേക്ക് പുരുഷന്മാരെ കയറ്റുന്നു’ എന്ന പേരിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷമായി മഠത്തിന്റെ പ്രധാന വാതില്‍ സ്ഥിരമായി പൂട്ടിയിടുന്നതിനാല്‍ എല്ലാവരും ഈ വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. സ്ത്രീ സന്യാസ സമൂഹത്തിന്റെ ആശ്രമത്തിനുള്ളിലേക്ക് അനുവാദമില്ലാതെ രണ്ട് പുരുഷന്മാരെ പ്രവേശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണിതെന്നും സ്ത്രീകള്‍ മാത്രം താമസിക്കുന്നിടത്ത് ഇതുപോലെ പല അപരിചിതരും വന്നുപോകുന്നതിന്റെ അനൗചിത്യവും അപകടവും തിരിച്ചറിയണമെന്നും ഫാ. നോബിള്‍ പാറക്കല്‍ വീഡിയോയില്‍ പറയുന്നു.

ആയിരക്കണക്കിന് സന്യസ്ഥരും സന്യാസ ഭവനങ്ങളും കേരളത്തിലുണ്ട്. ഇതര സന്യാസിനികള്‍ ഈ ദുരവസ്ഥയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. ഈ ചെയ്യുന്നതൊക്കെ നിസ്സാരമായി തള്ളിക്കളയാന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് സാധിക്കുമോ? അടുക്കള വാതില്‍ വഴി സ്ത്രീകളുടെ താമസ സ്ഥലത്തേയ്ക്ക് പുരുഷന്മാരെ കയറ്റുന്നതാണ് ഈ വിപ്ലവകാരി സന്യാസ സമൂഹത്തില്‍ പ്രതീക്ഷിക്കുന്ന കാലോചിതമായ മാറ്റം എന്ന് കരുതാനാകുമോ? ഉള്ളിലുള്ളവരുടെ സുരക്ഷയെക്കരുതി മുന്‍കരുതലുകളെടുക്കുന്നവെര കേസില്‍ പെടുത്തുന്നതാണോ സന്യാസത്തിന്റെ ചൈതന്യം എന്നും വീഡിയോയില്‍ നോബിള്‍ പാറയ്ക്കല്‍ ചോദിക്കുന്നു.

മഠത്തില്‍ സിസ്റ്ററിനെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ വാര്‍ത്താ സംഘത്തിന് അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് അടുക്കള വാതില്‍ വഴി അകത്ത് പ്രവേശിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്ററിനോട് സംസാരിക്കുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്യുന്നത്. ഇത്തരത്തില്‍ മാധ്യമസംഘത്തിലെ പുരുഷന്മാര്‍ മാത്രം അകത്തേക്ക് കയറുന്നതിന്റെയും ഇറങ്ങുന്നതിന്റേയും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ അപവാദ പ്രചരണങ്ങള്‍ നടക്കുന്നത്.

കന്യാസ്ത്രികള്‍ക്ക് അനുകൂലമായി സമരത്തില്‍ പങ്കെടുത്തതിനു സന്യാസഭയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെ സിസ്റ്റര്‍ ലൂസി കളപ്പുരയെ കഴിഞ്ഞ ദിവസം മഠത്തിനുള്ളില്‍ പൂട്ടിയിട്ടിരുന്നു. പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. സിസ്റ്റര്‍ ലൂസി തന്നെയാണ് തന്നെ പൂട്ടിയിട്ട വിവരം മാധ്യമപ്രവര്‍ത്തകരെ വിളിച്ചറിയിച്ചത്. മഠത്തില്‍ പൂട്ടിയിട്ട സിസ്റ്ററിനെ പൊലീസ് എത്തിയ ശേഷമാണ് പുറത്തിറക്കിയത്.

അധികൃതര്‍ തന്നെ മാനസികമായി പിഡിപ്പിക്കുന്നതായും സിസ്റ്റര്‍ ആരോപിക്കുന്നുണ്ട്. സിസ്റ്ററിന്റെ പരാതിയില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തിട്ടുണ്ട്. സഭാചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ മകളെ മഠത്തില്‍ നിന്നും തിരികെ കൊണ്ടുപോയിലെങ്കില്‍ പുറത്താക്കുമെന്ന് വ്യക്തമാക്കി സിസ്റ്റര്‍ ലൂസികളപ്പുരയുടെ മാതാവിന് സന്യാസസഭ നേത്യത്വം കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആത്മിയ ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറല്ലന്നും തന്റെ മറുപടി പരിശോധിക്കാതെയാണ് തനിക്കെതിരെ നടപടി സ്വീകരിച്ചെതെന്ന് വ്യക്തമാക്കി സിസ്റ്റര്‍ ലൂസികളപ്പുര വത്തിക്കാനെ സമിപിച്ചതിനു പിന്നാലെയാണ് മഠത്തിനുള്ളില്‍ പൂട്ടിയിട്ട സംഭവമുണ്ടായത്.

അതേസമയം, സിസ്റ്ററെ കാണാന്‍ ബന്ധുക്കള്‍ ഇന്ന് മഠത്തിലെത്തി. സിസ്റ്റര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതുവരെയും പ്രതികരിക്കാതിരുന്നെങ്കിലും സിസ്റ്ററിനെ മഠത്തില്‍ പൂട്ടിയിടുന്ന അവസ്ഥയില്‍ വരെ കാര്യങ്ങളെത്തിയതോടെ ഇനിയും ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കി ബന്ധുക്കള്‍ എത്തിയിരിക്കുന്നത്. സിസ്റ്ററിന്‍ കൂട്ടിക്കൊണ്ടുപോകാനല്ല മറിച്ച് എല്ലാവിധ പിന്തുണയും നല്‍കാനാണ് എത്തിയിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

DONT MISS
Top