പുതിയ കടയിലെ ആദ്യ വില്‍പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് നൗഷാദ്; എറണാകുളത്തിന്റെ പുതിയ ഹീറോയെന്ന് കലക്ടര്‍

പ്രളയബാധിതര്‍ക്ക് വീണ്ടും സഹായമൊരുക്കി നൗഷാദ്. കൊച്ചി ബ്രോഡ് വേയില്‍ പുതുതായി തുടങ്ങിയ കടയിലെ ആദ്യ വില്‍പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ല കളക്ടറുടെ ചേംബറിലെത്തിയാണ് നൗഷാദ് തുക കൈമാറിയത്. നൗഷാദിന്റെ മാതൃക പ്രളയ ദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകരുന്നതായിരുന്നെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.

എറണാകുളത്തിന്റെ പുതിയ ഹീറോ എന്നും കലക്ടര്‍ നൗഷാദിനെ വിശേഷിപ്പിച്ചു. ഒന്നും കൊടുക്കുന്നില്ല എന്ന വ്യാഖ്യാനത്തിനു എറണാകുളം കേരളത്തിന് കാണിച്ചു കൊടുത്ത മാതൃകയാണ് നൗഷാദ് എന്ന് പ്രശംസിച്ച കലക്ടര്‍ നൗഷാദ് കാണിച്ചു കൊടുത്ത ഹൃദയവിശാലതയില്‍ നിന്നു ഊര്‍ജം ഉള്‍ക്കൊണ്ട് പ്രളയബാധിതരായ സഹോദരങ്ങള്‍ക്ക് കൈത്താങ്ങായി സാധനങ്ങളും സേവനങ്ങളും, CMDRF ആയും ഇന്ന് കേരളം മുന്നേറുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ഹീറോ ഉണ്ട്, നിങ്ങളുടെ ഉള്ളിലെ ഹീറോയെ പുറത്തുകൊണ്ടുവരാന്‍ ഇതാണ് ഏറ്റവും നല്ല സമയം. ബിഗ്ഗ് സല്യൂട്ട് നൗഷാദ്, കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ സ്വന്തം കടയിലെ വസ്ത്രങ്ങളെല്ലാം പ്രളയദുരിതബാധിതര്‍ക്കായി നല്‍കിക്കൊണ്ടാണ് നൗഷാദ് ഏവരുടെയും മനസ്സില്‍ ഇടം പിടിച്ചത്. ഇത്രയധികമൊന്നും വേണ്ട എന്നു പറഞ്ഞവരോട് നാളെ പെരുന്നാളല്ലേ ഇങ്ങനെയാണ് എന്റെ പെരുന്നാള്‍ സന്തോഷമെന്നായിരുന്നു നൗഷാദിന്റെ മറുപടി.

ഏറെക്കാലമായി ബ്രോഡ്‌വേയില്‍ വഴിയോരക്കച്ചവടം നടത്തി വരികയായിരുന്ന നൗഷാദ് വ്യാപാരി സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് സ്വന്തമായി ഒരു കടമുറി തുറന്നത്. നൗഷാദ് കട തുറന്നതോടെ തുണിത്തരങ്ങള്‍ വാങ്ങാന്‍ നല്ല തിരക്കാണനുഭവപ്പെട്ടത്. നൗഷാദിനെക്കുറിച്ച് കേട്ടറിഞ്ഞവരില്‍ പലരും വസ്ത്രങ്ങള്‍ വാങ്ങാനെത്തി.

പ്രവാസ് മലയാളിയായ അഫി അഹമ്മദ് ഒരു ലക്ഷം രൂപയുടെ തുണിത്തരങ്ങളാണ് നൗഷാദിന്റെ കടയില്‍ നിന്ന് വാങ്ങിയത്. നേരത്തെ അറിയിച്ചിരുന്നതനുസരിച്ചാണ് അഫി അഹമ്മദ് തുണികള്‍ വാങ്ങാനെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റി അയയ്ക്കാനാണ് ഇദ്ദേഹം വസ്ത്രങ്ങള്‍ വാങ്ങിയത്. എന്നാല്‍ അഫി അഹമ്മദ് വസ്ത്രം വാങ്ങിയതിന് നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് നൗഷാദ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു.

DONT MISS
Top