ജിപിആര്‍ ഉപയോഗം പരാജയപ്പെട്ടു; മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു

കവളപ്പാറയിലും പുത്തുമലയിലും വിപുലമായ തെരച്ചിലാണ് തുടരുന്നത്. രണ്ടിടത്തുമായി 19 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. പുത്തുമലയില്‍ മൃതദേഹം ഒഴുകി പോകാനിടയുള്ള സ്ഥലങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഹൈദരബാദില്‍ നിന്നും എത്തിച്ചിരുന്ന ജിപിആര്‍ ഉപയോഗിച്ചുളള തെരച്ചില്‍ ഇന്നലെ കവളപാറയില്‍ പരാജയപെട്ടതോടെ മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തന്നെയാണ് ഇന്നും നടക്കുന്നത്.

വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചടിയായതായി ജിപിആറിനൊപ്പം എത്തിയ വിദഗ്ദസംഘ തലവന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞു. ഇതുവരെ 46 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. 13 പേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയില്‍ മഴ പെയ്തിരുന്നുവെങ്കിലും ഇന്ന് തെരച്ചിലിനെ ബാധിച്ചില്ല. 15 മണ്ണ് മാന്തിയന്ത്രങ്ങള്‍ തെരച്ചിലിനായി ഉപയോഗിക്കുന്നത്.

പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്. ഇന്നലെ ദുരന്തഭൂമിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കണ്ടത്തിയ മൃതശരീരം തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇതിനായി മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദുരന്തഭൂമിയില്‍ നിന്നും രണ്ട് കിലോമീറ്ററോളം അകലെ സൂചിപ്പാറയിലടക്കം മൃതദേഹം കണ്ടെത്തിയതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചു.

ഫോറസ്റ്റിന്റേയും എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. സന്നദ്ധ പ്രവര്‍ത്തകരും സജീവമാണ്. ആറു പേരെക്കൂടിയാണ് ഇനി പുത്തുമലയില്‍ കണ്ടെത്താനുളളത്.

DONT MISS
Top