സാലറി ചാലഞ്ച്: കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിടിച്ച 136 കോടി രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല

സാലറി ചാലഞ്ച് വഴി കെഎസ്ഇബി ജീവനക്കാരില്‍ നിന്ന് പിടിച്ച 136 കോടി രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ല. പുനര്‍നിര്‍മ്മാണത്തിനായി 117.26 കോടി രൂപയാണ് ബോര്‍ഡ് ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്തത്. ഇതില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുള്ളത് 10.23 കോടി രൂപ മാത്രമാണ്. പണം ഒരുമിച്ച് കൈമാറാന്‍ തീരുമാനിച്ചതിനാലാണ് വൈകിയതെന്നും തുക വക മാറ്റിയിട്ടില്ലെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം.

2019 മാര്‍ച്ച് 31 വരെ മാത്രം സാലറി ചലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ബോര്‍ഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള മൂന്ന് മാസവും ശരാശരി 14.65 കോടി വീതം ബോര്‍ഡ് പിരിച്ചെടുത്തു. സാലറി ചാലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് രേഖകളില്‍ വ്യക്തം. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ജീവനക്കാര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് പകുത്തു നല്‍കിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല എന്ന് ചുരുക്കം.

അതേസമയം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് തുക കൈമാറാത്തതെന്നാണ് ചെയര്‍മാന്‍ എന്‍എസ് പിള്ളയുടെ വിശദീകരണം. ജല അതോറിറ്റിയില്‍ നിന്ന് കുടിശ്ശിക കിട്ടാത്തതും തടസ്സമായി. കടമെടുത്ത് തുക ഒരുമിച്ച് ഉടന്‍ കൈമാറും. യൂണിയന്‍ നേതാക്കളുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

DONT MISS
Top