കവളപ്പാറയില്‍ മരണം 46 ആയി; ഇന്ന് കണ്ടെത്തിയത് ആറ് മൃതദേഹങ്ങള്‍; ഭൂഗര്‍ഭ റഡാര്‍ ഫലം കണ്ടില്ല

മലപ്പുറം: കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഇനി പതിമൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. കവളപ്പാറ റോഡിനോട് ചേര്‍ന്ന ഭാഗവും വീടുകള്‍ ഉണ്ടായിരുന്ന ഭാഗത്തുമാണ് തെരച്ചില്‍ നടത്തുന്നത്.

Also read:പ്രളയം ദുരിതം വിതച്ച വയനാട്ടില്‍ ഇന്ന് മഹാശുചീകരണ യജ്ഞം

അതേസമയം കവളപ്പാറയില്‍ റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ല. പ്രദേശത്തെ വെള്ളത്തിന്റെ സാന്നിധ്യം തടസ്സമായെന്ന് ശാസ്ത്രജ്ഞന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞു. റഡാര്‍ കിരണങ്ങള്‍ക്ക് താഴേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും കവളപ്പാറയില്‍ നടക്കുന്നത് മികച്ച രക്ഷാപ്രവര്‍ത്തനമാണെന്നും ആനന്ദ് കെ പാണ്ഡെ പറഞ്ഞു. വയനാട്ടിലേക്ക് പോകുന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ശാസ്ത്രജ്ഞന്‍ പറഞ്ഞു. ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് തെരച്ചിലിനായി എത്തിയിട്ടുള്ളത്.

Also read:മലയില്‍ വീണ്ടും വിള്ളല്‍; കവളപ്പാറയില്‍ ഇന്ന് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തിയേക്കും

ഇതിനിടെ വയനാട് പുത്തുമലയിലും കാണാതായ ഒരാളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ പാറക്കെട്ടുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

DONT MISS
Top