സാമ്പത്തിക പ്രതിസന്ധി അടിവസ്ത്ര വില്‍പ്പനയെയും ബാധിച്ചു; രാജ്യത്ത് ആണുങ്ങളുടെ അടിവസ്ത്ര വില്‍പ്പനയില്‍ വന്‍ ഇടിവ്

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അടിവസ്ത്രങ്ങളുടെ വില്‍പ്പനെയെയും ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന്, പത്ത് കൊല്ലത്തിനിടെയുണ്ടായ ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണ് ഉണ്ടായിരിക്കുന്നത്. ആണുങ്ങളുടെ അടിവസ്ത്രങ്ങളുടെ വില്‍പ്പന ഇടിയുകയും പെണ്ണുങ്ങളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവ് പ്രകടമാകാതിരിക്കുകയും ചെയ്യുന്നത് സാമ്പത്തിക ക്രയവിക്രയം നടത്തുന്ന പുരുഷന്മാര്‍ ‘വിവേചനപരമായി’ പണം ചെലവഴിക്കുന്നതിനാല്‍ ആണെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നു. കുടുംബ ബജറ്റ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ വെല്ലുവിളി നേരിടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also read:പത്ത് മാസത്തെ സമ്പാദ്യം 1.90 ലക്ഷം രൂപ, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തൃശൂരിലെ കുഞ്ഞിക്ക

ഡോളര്‍ ഇന്‍ഡസ്ട്രീസിന് വില്‍പ്പനയില്‍ നാല് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്റെ തളര്‍ച്ചയാണ്. അതേസമയം, ലക്‌സ് ഇന്‍ഡസ്ട്രീസിന്റെ വില്‍പ്പന ഫ്‌ലാറ്റാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നേരിട്ട തളര്‍ച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. വിപണിയുടെ ഇപ്പോഴത്തെ അവസ്ഥ യോജിച്ചതല്ലെന്നാണ് ജോക്കി ബ്രാന്‍ഡിന്റെ മാതൃ കമ്പനിയായ പേജ് ഇന്‍ഡസ്ട്രീസ് സിഇഒ വേദ്ജി ടിക്കു പറയുന്നത്.

‘രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലാണ്. ഗ്രാമീണമേഖല വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകളിലെ നിഷ്‌കൃയ ആസ്തി കൂടുന്നതിനാല്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ധനകാര്യസ്ഥാപനങ്ങളും വലിയ പ്രതിസന്ധി നേടുകയാണ്’- ഡോളര്‍ ഇന്‍ഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടര്‍ വിനോദ് കുമാര്‍ ഗുപ്ത അഭിപ്രായപ്പെട്ടു.

Also read:90 ദിവസം കഴിഞ്ഞ്? വാവെയ് കണ്ടുവെക്കുന്ന പദ്ധതി ഉപഭോക്താക്കളെ വലക്കുമോ

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പേജ് ഇന്‍ഡസ്ട്രീസിനും ലക്‌സ് ഇന്‍ഡസ്ട്രീസിനും ഉണ്ടായത് 46 ശതമാനം ഇടിവാണ്. ഡോളറിന് ഉണ്ടായ വില്‍പ്പന ഇടിവ് 33 ശതമാനവും. വിഐപിക്ക് വന്‍ തകര്‍ച്ചയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. 76 ശതമാനമാണ് അവര്‍ക്കുണ്ടായ ഇടിവ്. 27,931 കോടിയുടേതാണ് ഇന്ത്യയിലെ മൊത്തം അടിവസ്ത്ര വിപണി. ഇത് ആകെ ഇന്ത്യന്‍ അപ്പാരല്‍ മാര്‍ക്കറ്റിന്റെ 10 ശതമാനം വരും. അടുത്ത പത്ത് വര്‍ഷങ്ങളില്‍ 10 ശതമാനം നിരക്കില്‍ അടിവസ്ത്ര നിര്‍മാണ വ്യവസായ വളരുമെന്നാണ് കണക്കാക്കിയിരുന്നത്. അടുത്ത പത്ത് വര്‍ഷത്തിനകം ഇത് 74,258 കോടിയുടെ വ്യവസായമായി മാറുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഈ വന്‍ ഇടിവ് മേഖലയുടെ പ്രതീക്ഷിത മുന്നേറ്റത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും.

DONT MISS
Top