കല്‍ബുര്‍ഗി വധം: നാലുവര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: കന്നട സാഹിത്യകാരന്‍ ഡോ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ നാലുവര്‍ഷത്തിന് ശേഷം പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പിച്ചു. ആറ് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സനാതന്‍ സന്‍സ്തയെന്ന തീവ്രഹിന്ദു സംഘടനയിലെ പ്രവര്‍ത്തകരായ അമോല്‍കലെ, ഗണേഷ് മിസ്‌കിന്‍, പ്രവീണ്‍പ്രകാശ് ചറ്റുര്‍, വാസുദേവ് സൂര്യവംശി, ശരദ് കലാസ്‌കര്‍, അമിത് ബഡ്ഡി എന്നിവരാണ് പ്രതികള്‍. ഇവരില്‍ ഗണേഷ് മിസ്‌കിനാണ് കല്‍ബുര്‍ഗിക്ക് നേരെ നിറയൊഴിച്ചത്.

പുരോഗമനാശയങ്ങള്‍ സംസാരിക്കുന്ന എഴുത്തുകാരെയും യുക്തിവാദികളെയും ഇല്ലാതാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2014 ല്‍ അന്ധവിശ്വാസരഹിതമായ സമൂഹം എന്ന വിഷയത്തില്‍ നടന്ന ഒരു സെമിനാറില്‍ കല്‍ബുര്‍ഗി സംസാരിച്ചതാണ് കല്‍ബുര്‍ഗിയോടുള്ള പ്രതികളുടെ വൈരാഗ്യത്തിന് കാരണം. വ്യക്തമായ ആസൂത്രണത്തിലൊടുവിലാണ് കൊല നടത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഭാരതത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന ഗൗരി ലങ്കേഷ്് വധക്കേസിലും ഈ ആറ് പേരും പ്രതികളാണ്. കര്‍ണ്ണാടക പൊലീസിന്റെ സിഐഡി വിഭാഗമായിരുന്നു കുല്‍ബുര്‍ഗി കേസ് ആദ്യം അന്വേഷിച്ചിരുന്നതെങ്കിലും ഗൗരി ലങ്കേഷ് വധം അന്വേഷിച്ച പ്രത്യേക സംഘത്തിന് പിന്നീട് കേസ് കൈമാറുകയായിരുന്നു. ഹുബല്‍ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2015 ആഗസ്റ്റ് 30ന് ആണ് ധാര്‍വാഡിലെ കല്യാണ്‍നഗര്‍ വീട്ടില്‍വെച്ച് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്.

DONT MISS
Top