മലയില്‍ വീണ്ടും വിള്ളല്‍; കവളപ്പാറയില്‍ ഇന്ന് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തിയേക്കും

കവളപ്പാറ കഴിഞ്ഞ ദിവസം മലയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തിയേക്കും. മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. നിലവില്‍ ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോ മീറ്റര്‍ അകലത്തിലാണ് സംഭവം. അഞ്ഞൂറ് മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തി. അഞ്ച് ഇഞ്ച് മുതല്‍ രണ്ട് അടിയോളം വീതി
യിലാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്‍ ഭൂമി താഴ്ന്ന നിലയിലും കണ്ടെത്തി. വിള്ളല്‍ ഉണ്ടായ മലയുടെ താഴ് ഭാഗത്ത് നിരവധി വീടുകള്‍.

അതേസമയം കവളപ്പാറയില്‍ ദുരന്തം നടന്ന സ്ഥലത്ത് തെരച്ചില്‍ നടത്തുന്നതിനായി എത്തിയ ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം രാവിലെ മുതല്‍ പരിശോധന തുടങ്ങിയിട്ടുണ്ട്‌. രണ്ട് ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം. വിമാന മാര്‍ഗം ഇന്നലെ വൈകിട്ടോടെയാണ് ഇവര്‍ കരിപ്പൂരിലെത്തിയത്.

പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായ ആനന്ദ് കെ പാണ്ഡെ, രത്നാകര്‍ ദാക്തെ, ടെക്നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍, സീനിയര്‍ റിസര്‍ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിറയര്‍ റിസര്‍ച് ഫെലോകളായ സതീഷ് വര്‍മ, സഞ്ജീവ് കുമാര്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. രണ്ട് സെറ്റ് ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപകരണം സംഘത്തിന്റെ കയ്യിലുണ്ട്. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ നിന്ന് വരെയുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഉപകരണത്തിന് സാധിക്കും. കണ്‍ട്രോള്‍ യൂനിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.

കവളപ്പാറയില്‍ ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി. ഇനിയും 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്. സൈനികന്റെ അടക്കം രണ്ട് മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മണ്ണിനടയില്‍ കുടങ്ങിയവരെ കണ്ടെത്താന്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇന്ന് നടക്കുക. ഇതിലൂടെ മണ്ണിനടിയിലുള്ള മൃതദേഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനാകും. പത്താം ദിവസമാണ് ഇപ്പോള്‍ തെരച്ചില്‍ തുടരുന്നത്. 20 മീറ്ററോളെ താഴ്ചയിലുള്ള ആളുകളുടെ മൃതദേഹത്തിന്റെ സാന്നിധ്യം മനസ്സിലാക്കാന്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കും.

DONT MISS
Top