പത്ത് മാസത്തെ സമ്പാദ്യം 1.90 ലക്ഷം രൂപ, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തൃശൂരിലെ കുഞ്ഞിക്ക

തൃശ്ശൂര്‍: പത്ത് മാസത്തെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി തൃശൂര്‍ സ്വദേശി. കഴിഞ്ഞ് പത്തുമാസം കൊണ്ട് സ്വരൂപിച്ച 1.90 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരിക്കുകയാണ് ചാവക്കാട് അഞ്ചങ്ങാടിയില്‍ ‘ഫരീദ’ ചായക്കട നടത്തുന്ന സികെ മൊയ്ദീന്‍കുഞ്ഞെന്ന നാട്ടുകാരുടെ ‘കുഞ്ഞിക്ക’.

2018ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സാലറി ചാലഞ്ച് ആഹ്വാനം ചെയ്തപ്പോള്‍ നല്‍കാന്‍ സാലറിയില്ലാത്തതു കൊണ്ട് കുഞ്ഞിക്ക അഞ്ചങ്ങാടിയിലെ തന്റെ ചായക്കടയില്‍ ഒരു കാണിക്കയും ദുരിതാശ്വാധനിധിയിലേക്ക് സംഭാവന നല്‍കുക എന്ന് എഴുതിയ ബോര്‍ഡും സ്ഥാപിച്ചു.

ചായക്കടയിലെത്തുന്നവര്‍ ഈ കാണിക്കയില്‍ നിക്ഷേപിച്ച നാണയത്തുട്ടുകള്‍ക്കൊപ്പം ഓരോ മാസവും ഒരു ദിവസത്തെ കടയിലെ വരുമാനവും കാണിക്കയില്‍ ഇട്ടു.ഇങ്ങനെ പത്തുമാസം കൊണ്ട് സമാഹരിച്ച 1.90 ലക്ഷം രൂപയാണ് കുഞ്ഞിക്ക ഇത്തവണ നിര്‍ദ്ധന കുടുംബങ്ങളെ സഹായിക്കുന്നതിനായി തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് കൈമാറി.ഇനിയും സഹായം ചെയ്യുന്നത് തുടരുമെന്നും അടുത്തതായി നിര്‍ദ്ധന കുടുംബങ്ങളെ സഹായിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മൊയ്തീന്‍കുഞ് പറഞ്ഞു.

ചായക്കടയിലെ തന്റെ ഒരു ദിവസത്തെ പൂര്‍ണ്ണ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ച കുഞ്ഞിക്ക സമൂഹത്തിലെ ജ്വലിക്കുന്ന നന്മയുടെ പ്രതീകമാണെന്ന് എംഎല്‍എ കെവി അബ്ദുള്‍ഖാദര്‍. ഇത്തവണ 1.90 ലക്ഷം രൂപ നല്‍കിയതു കൂടാതെ 32000 രൂപ കുഞ്ഞിക്ക കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

DONT MISS
Top