എല്ലാം കൊണ്ടുപോയ കഴിഞ്ഞ പ്രളയദിനത്തിന്റെ ഓര്‍മ്മയില്‍ പത്തനംതിട്ട സ്വദേശിനി ശാന്തമ്മ

മഹാ പ്രളയം സംഭവിച്ച് ഒരു വർഷം തികയുമ്പോൾ പത്തനംതിട്ട സ്വദേശിനി ശാന്തമ്മ പ്രളയദിനം ഓർത്തെടുക്കുകയാണ്. പമ്പാ നദിയിൽ നിന്നും വെള്ളം ഇരച്ച് കയറി വീട് നദിയെടുത്തെങ്കിലും ശാന്തമ്മയ്ക്ക് ജീവൻ മാത്രം തിരിച്ച് കിട്ടി. പ്രളയം തകർത്ത വീട്ടിൽ അവശേഷിക്കുന്ന അടുക്കളയിലാണ് ശാന്തമ്മ ഇപ്പോഴും കഴിയുന്നത്.

2018 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയാണ് പത്തനംതിട്ട അത്തിക്കയം സ്വദേശിനി ശാന്തമ്മയുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ആ ദുരന്തമുണ്ടായത്. പമ്പാ നദിക്കരയിലാണ് ശാന്തമ്മയുടെ വീട്. അന്ന് സന്ധ്യയോടെ പമ്പാ നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നെങ്കിലും പതിവ് സംഭവമെന്നേ ശാന്തമ്മയ്ക്ക് തോന്നിയുള്ളൂ. രാത്രി ഉറക്കത്തിനിടെ വലിയ ശബ്ദം കേട്ടാണ് ശാന്തമ്മ ഉണരുന്നത്. വീടിനകത്തേയ്ക്ക് വെള്ളവും മരത്തടികളുമൊക്കെ ഇരച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്.

വെള്ളം ശക്തമായി അകത്തേയ്ക്ക് കയറുന്നത് കണ്ടതോടെ ശാന്തമ്മ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വെള്ളം ഇരച്ചുകയറി ശാന്തമ്മയുടെ വീട് തകര്‍ന്നു. ഒരു ചെറിയ ഭാഗം മാത്രമാണ് അവശേഷിച്ചത്. ഇപ്പോള്‍ കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഇടിഞ്ഞുവീഴാറായ ഈയൊരു മുറിയിലാണ്. 35 വര്‍ഷമായി പ്രദേശത്ത് താമസിച്ചു വരുന്ന വ്യക്തിയാണ് ശാന്തമ്മ. ഇപ്പോള്‍ സര്‍ക്കാര്‍ സഹായത്തോടെ പുതിയൊരു വീടിന്റെ വീട് സമീപത്തു തന്നെ നിര്‍മ്മിക്കുന്നുണ്ട്. ഈ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

ഇത്തവണയും പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നപ്പോള്‍ ഈ ഭാഗത്തേയ്ക്ക് വെള്ളം കയറിയിരുന്നു. വെള്ളത്തില്‍ ഒഴുകിയെത്തിയ കൂറ്റന്‍ മരത്തടികള്‍ പുരയിടത്തില്‍ കിടപ്പുണ്ട്. പട്ടയം ലഭിക്കാത്തതിനാല്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ സഹായത്താല്‍ വീട് വെയ്ക്കാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് പഴയ വീടിനോട് ചേര്‍ന്നുതന്നെ പുതിയ വീട് നിര്‍മ്മിക്കേണ്ടി വന്നത്. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ശാന്തമ്മ.

DONT MISS
Top