സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രളയത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി; അഭിസംബോധന പ്രസംഗത്തില്‍ കശ്മീരും മുത്തലാഖും; ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യം, ജനസംഖ്യാ വര്‍ധനവ് ആശങ്കപ്പെടുത്തുന്നു

ദില്ലി: രാജ്യം 73ാം സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുകയാണ്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ച ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ അദ്ദേഹം സ്വീകരിച്ചു. ഇതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തിയത്.

സ്വാതന്ത്രസമര പോരാളികള്‍ക്ക് പ്രണാമം അര്‍പ്പിച്ചു.  പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാനും പ്രധാനമന്ത്രി മറന്നില്ല. പ്രളയത്തില്‍ വലിയ വിഭാഗം ആളുകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കി. എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അഭിസംബോധന പ്രസംഗത്തില്‍ കശ്മീര്‍ വിഷയവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 370-ാം അനുച്ഛേദം എടുത്തുകളഞ്ഞതിലൂടെ സര്‍ദാര്‍ പട്ടേലിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിച്ചു. 370-ാം അനുച്ഛേദം കശ്മീരിന്റെ വികസനത്തെ പിന്നോട്ടടിച്ചു. ജമ്മു കശ്മീരിലെ പഴയസ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കും അനീതി സമ്മാനിച്ചു. 70 വര്‍ഷത്തെ തെറ്റ് എഴുപത് ദിവസം കൊണ്ട് തിരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മു-കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് പുതിയ ചിറകുകള്‍ ലഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യം പ്രാവര്‍ത്തികമായി. ശരിയായ ലക്ഷ്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Also read:മഴക്കെടുതി: ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു; പ്രധാന കാര്യങ്ങള്‍ ഇവ

മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനാണ് മുത്തലാഖ് നിരോധിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു മുസ്‌ലിം സഹോദരിമാര്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരികെ നല്‍കാനായി. മുസ്‌ലിം ജനതയുടെ സമത്വം ഉറപ്പാക്കാന്‍ മുത്തലാഖ് നിയമത്തിലൂടെ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് വിഷയം പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് അടുത്ത ലക്ഷ്യം. രാജ്യത്തിന്റെ ഭാവിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അതേസമയം ജനസംഖ്യാവര്‍ധന ഭാവിതലമുറയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ജനസംഖ്യാനിയന്ത്രണമാണ് വികസനത്തിലേക്കുള്ള വഴിയെന്ന് മോദി പറഞ്ഞു.

പ്രസംഗത്തില്‍ പ്രതിപക്ഷത്തെ മോദി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്. വോട്ട് ബാങ്കല്ല വികസനമാണ് തങ്ങള്‍ തെരഞ്ഞെടുത്തതെന്ന് നരേന്ദ്രമോദി പറഞ്ഞു.

DONT MISS
Top