കേരളത്തിനായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ച് എംഎ യൂസഫലി

ദുരന്തം വിതച്ച കാലവര്‍ഷത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി കേരളാ സര്‍ക്കാറിനൊപ്പം സുമനസുകളും കൈകോര്‍ക്കുന്നു. ലുലു ഗ്രൂപ്പാണ് കൂറ്റന്‍ തുക ദുരിതാശ്വാസത്തിനായി നല്‍കാമെന്ന് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി മാധ്യമങ്ങളെ അറിയിച്ചു.

മഴക്കെടുതിയില്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടായതില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാറും അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടുമാത്രം തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപയും ലഭിക്കും.

ദുരിത ബാധിതര്‍ക്ക് ആദ്യ സഹായമായി 10,000 രൂപ നല്‍കും. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് തയാറാക്കുന്ന പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് തുക വിതരണം ചെയ്യുന്നത്. പരാതികള്‍ ഇങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളപ്പൊക്കം ബാധിച്ച വില്ലേജുകളെ ഉടന്‍ ദുരന്ത ബാധിത വില്ലേജുകളായി പ്രഖ്യാപിക്കും. വെള്ളപ്പൊക്ക മേഖലയിലും തീരപ്രദേശത്തും സൗജന്യ റേഷനായി 15 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കാലവര്‍ഷക്കെടുതികള്‍ ഏറ്റവും രൂക്ഷമായി സംഭവിച്ച സ്ഥലങ്ങളില്‍ ആളുകള്‍ കാഴ്ച്ചകാണാനെത്തരുതെന്ന് പൊലീസ് അറിയിച്ചു. ദുരന്തം വിതച്ച സ്ഥലങ്ങള്‍ കാണാനെത്തുന്നവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു. ഇത്തരം സ്ഥലങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തരുത് എന്നും പൊലീസ് ആവശ്യപ്പെട്ടു.

Also Read: പമ്പാനദിയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നു; ചെങ്ങന്നൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം

DONT MISS
Top