കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് പറഞ്ഞിട്ടില്ല: മുഖ്യമന്ത്രി

സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രിയോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയോട് അത്തരത്തില്‍ സംസാരിച്ചിട്ടില്ല. ഹിന്ദിയില്‍ സംസാരിക്കാനായില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

“അദ്ദേഹം വിളിച്ചിരിന്നു. സംസാരിച്ചത് ഹിന്ദിയിലാണ്. എനിക്ക് ഹിന്ദി അറിയില്ല. എനിക്ക് മനസിലാകുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. മലയാളത്തിലല്ല പറഞ്ഞത്. ഞാന്‍ ഇംഗ്ലീഷില്‍ വലിയ പണ്ഡിതനല്ല. എനിക്ക് അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹം ഫോണ്‍ സെക്രട്ടറിക്ക് കൈമാറി”, മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയില്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടായതില്‍ നഷ്ടപരിഹാരവും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടുമാത്രം തകര്‍ന്നവര്‍ക്ക് 4 ലക്ഷം രൂപയും ലഭിക്കും.

ദുരിത ബാധിതര്‍ക്ക് ആദ്യ സഹായമായി 10,000 രൂപ നല്‍കും. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് തയാറാക്കുന്ന പട്ടിക പ്രസിദ്ധീകരിച്ച ശേഷമാണ് തുക വിതരണം ചെയ്യുന്നത്. പരാതികള്‍ ഇങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വെള്ളപ്പൊക്കം ബാധിച്ച വില്ലേജുകളെ ഉടന്‍ ദുരന്ത ബാധിത വില്ലേജുകളായി പ്രഖ്യാപിക്കും. വെള്ളപ്പൊക്ക മേഖലയിലും തീരപ്രദേശത്തും സൗജന്യ റേഷനായി 15 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കേരളത്തിന് പിന്തുണയുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി; സമാനതകള്‍ ഇല്ലാത്ത നന്മ എന്ന് മുഖ്യമന്ത്രി

DONT MISS
Top