മകന്റെ ചേതനയറ്റ ശരീരത്തിന് മുന്‍പില്‍ അമ്മ പൊട്ടിക്കരയുമ്പോഴും ചിരിക്കുന്ന ഇമോജിയിട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്നവര്‍; വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്‍

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ മൃതദേഹത്തിന് മുന്‍പില്‍ പൊട്ടിക്കരയുന്ന അമ്മയുടെ ചിത്രത്തിന് താഴെയും ചിരിക്കുന്ന ഇമോജിയിട്ട് ഒരു കൂട്ടം ആളുകള്‍. മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമര്‍ശിച്ചത്.

ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട് ചെറുവണ്ണൂരില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. നേരം വെളുത്തപ്പോള്‍ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീര്‍ക്കുന്ന ഒരുപാട് പേരെ കണ്ടു , രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്, ലിനു സ്വന്തം ജീവന്‍ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു

Also read:യുവാവിന്റെ മൃതദേഹം കണ്ടത് ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍; കവളപ്പാറയിലേത് കരളലിയിക്കുന്ന കാഴ്ച്ചകള്‍

ശനിയാഴ്ച്ച ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പൊന്നത്ത് ലിനു (34) മരണത്തിന് കീഴടങ്ങിയത്. ചെറുവണ്ണൂരിലെ ക്യാമ്പിലായിരുന്നു ലിനുവും കുടുംബവും. അവിടെ നിന്നും ഒരുകൂട്ടം ആളുകള്‍ക്കൊപ്പം ഒറ്റപ്പെട്ടവരെ രക്ഷിക്കാനിറങ്ങുകയായിരുന്നു. രണ്ട് തോണികളിലായാണ് രക്ഷാപ്രവര്‍ത്തനത്തിന് പോയത്. തിരിച്ചുവരുമ്പോള്‍ രണ്ട് തോണിയിലും ലിനു ഉണ്ടായിരുന്നില്ല. ഇരു സംഘവും അടുത്ത തോണിയിലുണ്ടാകുമെന്ന് കരുതി തിരിച്ചുവരുകയായിരുന്നു. പിന്നീടാണ് ലിനു ഇല്ലെന്ന് അറിഞ്ഞതോടെ ബന്ധുവീടുകളില്‍ അന്വേഷിച്ചു. പിന്നീടാണ് അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലില്‍ മൃതദേഹം ലഭിച്ചത്.

ലിനുവിന്റെ മരണം അച്ഛന്‍ സുബ്രഹ്മണ്യനെയും അമ്മയെയും എങ്ങനെ അറിയിക്കുമെന്ന ആശങ്കയിലായിരുന്നു ഒപ്പമുള്ളവര്‍. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളുമെല്ലാം ക്യാമ്പിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ക്യാമ്പിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം മരണാനന്തര ചടങ്ങിനായി ലിനുവിന്റെ മൃതദേഹം കുണ്ടായിത്തോടിലെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു

DONT MISS
Top