വെള്ളം കയറിയ പാലത്തിലൂടെ ആംബുലന്‍സിന് വഴി തെളിച്ച് അവന്‍ ഓടിക്കയറിയത് മനസ്സുകളിലേക്ക്; ഹൃദ്യമായൊരു വീഡിയോ

കാലവര്‍ഷം കനത്തപ്പോള്‍ പ്രകൃതി സംഹാര താണ്ഡവമാടുന്നതിന്റെ ദൃശ്യങ്ങള്‍ക്കാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും കല്ലും മണ്ണും മരങ്ങളും കടപുഴകിയെത്തിയപ്പോള്‍ ഒരുപറ്റം മനുഷ്യജീവനുകള്‍ക്കൊപ്പം ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായി. വഴിയേത് പുഴയേത് എന്ന് തിരിച്ചറിയാനാകാത്ത വിധമാണ് വെള്ളം നിറഞ്ഞു കിടക്കുന്നത്. ഓരോ നിമിഷവും ഞെട്ടിച്ചുകൊണ്ടാണ് മരണ വാര്‍ത്തകളും അപകട വാര്‍ത്തകളും പുറത്തുവരുന്നത്. മുന്നുംപിന്നും നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാനായി ജീവന്‍ പണയം വെച്ചും മഴയിലേക്കിറങ്ങുന്ന കുറച്ച് മനുഷ്യരില്‍ മാത്രമാണ് പ്രതീക്ഷ.

ദുരന്തമുഖങ്ങളില്‍ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷ നിമിഷങ്ങളും അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങളുമൊക്കെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ ഇടയില്‍ വൈറലാവുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ഒരു ദൃശ്യം. മുട്ടറ്റം വെള്ളത്തിലൂടെ ആംബുലന്‍സിന് വഴി തെളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണിത്. ദേവദുര്‍ഗ യാഡ്ഗിര്‍ റോഡിലൂടെ വരുന്ന ആംബുലന്‍സ് പാലത്തിനു സമീപമെത്തുമ്പോള്‍ വഴിയറിയാതെ വിഷമിക്കുകയാണ്.

നിറഞ്ഞാഴുകിയ കൃഷ്ണ നദി പാലത്തിലൂടെ മുകളിലൂടെ കവിഞ്ഞൊഴുകുന്നതിനാല്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴി തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ആംബുലന്‍സിന്റെ മുന്നിലേക്കെത്തുന്ന കുട്ടി മുട്ടറ്റം വെള്ളത്തിലൂടെ കൃത്യമായ വഴിയിലൂടെ നടക്കുകയാണ്. ഇടയ്ക്കിടെ പിന്നോട്ടു നോക്കി തന്നെ അനുഗമിക്കൂ എന്നു പറയുംപോലെയാണ് നടത്തം. കുട്ടിയുടെ പിന്നാലെ വരുന്ന ആംബുലന്‍സ് കൃത്യമായി വഴി തെറ്റാതെ റോഡിലേക്ക് സുരക്ഷിതമായി എത്തുന്നു. വഴി തെളിച്ച് നടക്കുന്നതിനിടെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഇടയ്ക്ക് കുട്ടി വീണു പോകുന്നുണ്ടെങ്കിലും വീണ്ടും എഴുന്നേറ്റ് നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

നിറഞ്ഞൊഴുകിയ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്‍ ഇന്നലെ രാവിലെയാണ് ഇങ്ങനെയൊരു വഴി തെളിക്കല്‍ നടന്നത്. ദൂരെ നിന്ന് ആംബുലന്‍സ് വരുന്നതും പിന്നീട് വഴിയറിയാതെ സംശയിക്കുന്നതും കണ്ടിട്ട് കുട്ടി ഇക്കരെ നിന്ന് അവിടേക്ക് ചെന്ന് വഴി കാണിച്ചതാവാമെന്നാണ് സംശയിക്കുന്നത്. എന്തായാലും കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകളാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. സഹജീവികളോട് സ്‌നേഹമുള്ള യഥാര്‍ത്ഥ മനുഷ്യനായി വളരുന്നവനാണെന്നും ഇങ്ങനെയുള്ളവരെ വേണം തിരഞ്ഞുപിടിച്ച് അഭിനന്ദിക്കാനെന്നും ആളുകള്‍ കമന്റ് ചെയ്യുന്നു. അതേസമയം കൃഷ്ണ നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ വടക്കന്‍ കര്‍ണാടകയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്.

DONT MISS
Top