പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി പിസി തോമസ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ്. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ആലോചന ആരംഭിച്ചുവെന്നും എന്‍ഡിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പിസി തോമസ് പത്തനംതിട്ടയില്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നം രൂക്ഷമാണെന്നും കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് തടസ്സം വിവിധ മുന്നണികളില്‍ നില്‍ക്കുന്നു എന്നതാണെന്നും പിസി തോമസ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസിനെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം നറുക്ക് വീണത് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിക്കായിരുന്നു. വരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയ പിസി തോമസ് കേരള കോണ്‍ഗ്രസുകളുടെ യോജിപ്പിനുള്ള ശ്രമം തുടരുമെന്നും പറഞ്ഞു.

പിസി ജോര്‍ജ്ജ് എംഎല്‍എ എന്‍ഡിഎയില്‍ ചേര്‍ന്നതിനേപ്പറ്റിയുള്ള പ്രതികരണത്തില്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ശക്തമായ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതിന് എന്‍ഡിഎ സംവിധാനമാണ് ഏറ്റവും നല്ലതെന്ന് പിസി തോമസ് വ്യക്തമാക്കി.

DONT MISS
Top