തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മാസ്റ്റര്‍ പ്ലാനിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കൊണ്ട് കുറ്റമറ്റ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മാസ്റ്റര്‍ പ്ലാനിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ച് കൊണ്ട് കുറ്റമറ്റ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് കെട്ടിട നിര്‍മ്മാണനുമതിയുമായി ബന്ധപ്പെട്ട് നടത്തിയ തൃശൂര്‍ കോര്‍പ്പറേഷന്‍ അദാലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ തലത്തില്‍ മന്ത്രിതല അദാലത്തും മുനിസിപ്പാലിറ്റി അടക്കമുളള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥതല അദാലത്തും നടന്നു.

പെര്‍മിറ്റ് ലഭ്യമാക്കിയ ശേഷം ചട്ടലംഘനം നടത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിടങ്ങളെക്കുറിച്ച് അന്വേഷിക്കും. പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിനായുളള സോഫ്റ്റ് വെയറില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. വ്യവസായ സംരംഭങ്ങള്‍ക്കായുളള ഏകജാലക സംവിധാനം കാര്യക്ഷമമാക്കും. എല്ലാ പെര്‍മിറ്റുകളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കി വരികയാണ്. തുടര്‍ച്ചയായി അദാലത്തുകള്‍ നടത്തുന്നതല്ല, ഈ മേഖലയിലെ പ്രശ്നപരിഹാരത്തിനായുളള അനുകൂല സമീപനം ഉദ്യോഗസ്ഥരിലുണ്ടാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം.

പിഡബ്ല്യൂഡി റോഡ് ദേശീയപാത എന്നിവയെ ഒഴിവാക്കിയുളള റോഡരികിലെ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാനുഷിക പരിഗണന കൂടി കണക്കിലെടുത്ത് തീര്‍പ്പു കല്‍പിക്കും. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ചട്ടങ്ങളടിങ്ങിയ കൈപുസ്തകം പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, മേയര്‍ അജിത വിജയന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

DONT MISS
Top