നെടുങ്കണ്ടം കസ്റ്റഡി മരണം: ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍. നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണം പൈശാചികമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സംഭവം സംഭവിക്കാന്‍ പാടില്ലത്തതാണന്നും ഗൗരവതരമായി അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും കോടതി നോട്ടീസയച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. സിബിഐക്ക് വിടുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐക്കും സര്‍ക്കാരിനും കോടതി നോട്ടീസയച്ചു. പോലിസ് കസ്റ്റഡിയിലെടുത്ത പാസ്ബുക്ക് അടക്കമുള്ള മുഴുവന്‍ രേഖകളും ഹരജിക്കാര്‍ക്ക് വിട്ടു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും, എഫ്ഐആറും കുടുംബത്തിന് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

കസ്റ്റഡിമരണത്തില്‍ ഉത്തരവാദികളായവരില്‍ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ഭാര്യ വിജയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 12 മുതല്‍ 16 വരെ രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി. സംഭവത്തില്‍ എസ്പി, ഡിവൈഎസ്പി, മജിസ്ട്രേറ്റ്, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരുടെ വീഴ്ചയും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പോലീസ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മര്‍ദനമാണ് മരണ കാരണമെന്നും ആരോപിച്ചാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ് ജയിലിലാണ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

DONT MISS
Top