ജീവനക്കാരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്; ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കപ്പല്‍ കമ്പനി അധികൃതര്‍

ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കപ്പല്‍ കമ്പനി അധികൃതര്‍. ജീവനക്കാരെ കാണാന്‍ അനുവദിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുറമുഖ അധികൃതരുടെ മറുപടി കാക്കുകയാണെന്നും ബ്രിട്ടനിലെ സ്റ്റെനാ ഇംപറോ കപ്പല്‍ കമ്പനി അധികൃതര്‍ പറഞ്ഞു. അടിയന്തിരം ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

സ്റ്റെനാ ഇംപെറോ കപ്പല്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ എറിക് ഹാനെലാണ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്. ഇറാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, കപ്പലിലുള്ള 23 പേരെയും കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ അധികൃതര്‍ക്ക് കത്തുനല്‍കി. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇറാന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. ഇന്ത്യ, ലാത്വിയാ, ഫിലിപ്പിന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 23 ജീവനക്കാരാണ് കപ്പലിലുളളത്.

അതേസമയം കപ്പലിലുള്ളവരുടെ ബന്ധുക്കള്‍ പേടിക്കേണ്ടതില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കപ്പല്‍ അധികൃതര്‍ പറയുന്നു. കൂടാതെ കപ്പല്‍ കമ്പനി അധികൃതര്‍ കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളുമായും ബന്ധപ്പെടുന്നുണ്ട്. കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഗുരുവായൂര്‍, മലപ്പുറം സ്വദേശികളാണ് മറ്റു രണ്ടുപേര്‍..

ഇവര്‍ ഇപ്പോഴും കപ്പലിലുണ്ടോ അതോ ഇറാന്‍ പിടികൂടും മുമ്പ് മറ്റേതെങ്കിലും തുറമുഖത്ത് ഇറങ്ങിയിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. മലയാളികള്‍ കപ്പലില്‍ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പാണ് ബ്രിട്ടീഷ് കപ്പല്‍ അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്തത്. അതേസമയം ബ്രിട്ടീഷ് കപ്പലിലെ മലയാളികളെ രക്ഷിക്കാനുള്ള അടിയന്തര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top