ദില്ലി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി മുന്‍ മുഖ്യമന്ത്രിയും മുന്‍ഡ കേരളാ ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ദില്ലിയിലെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെയാണ് മരണം സംഭവിച്ചത്. നിലവില്‍ ദില്ലി പിസിസി അധ്യക്ഷയായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഷീലാ ദീക്ഷിത്. ദില്ലിയുടെ വികസനത്തിന് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. 1998 മുതല്‍ 2013 വരെയാണ് ദില്ലിയുടെ മുഖ്യമന്ത്രിയായി ഭരണത്തിലിരുന്നത്.

അഞ്ചുമാസമാണ് കേരളാ ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. ഇന്ദിരാ ഗാന്ധി-രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ ഷീലാ ദീക്ഷിത് ഏറെ ജനപ്രീയയുമായിരുന്നു. ഗാന്ധി കുടുംബമായി ഏറെ അടുപ്പമുള്ള വ്യക്തിയായിരുന്നു. ആം ആംദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അവസാന നാളുകളില്‍ ഷീല ദീക്ഷിതിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

ദില്ലിയില്‍ ഏറ്റവും കൂടിയ വികസന പദ്ധതികള്‍ നടപ്പിലാക്കിയ മുഖ്യമന്ത്രിയാണ് ഷീലാ ദീക്ഷിത്. മൂന്നുതവണയാണ് തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 15 വര്‍ഷത്തോളം ദില്ലിയെ നയിച്ച കരുത്തുറ്റ വനിതയെയാണ് ഷീലാ ദീക്ഷിതിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. കേരളവുമായും നല്ല രീതിയിലുള്ള ആത്മബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയാണ് ഷീലാ ദീക്ഷിത്. ദില്ലിയില്‍ പിസിസി അധ്യക്ഷയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ഇപ്പോള്‍ അപ്രതീക്ഷിത മരണമുണ്ടായിരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

DONT MISS
Top