കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം കാറ്റില്‍പ്പെട്ട് തകര്‍ന്നു; മൂന്ന് പേരെ കാണാതായി

കൊല്ലം: കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ തമിഴ്‌നാട് സ്വദേശികളുടെ വള്ളം ശക്തമായ കാറ്റില്‍പ്പെട്ട് തകര്‍ന്ന് മൂന്നുപേരെ കാണാതായി. രണ്ടുപേര്‍ നീന്തി കാക്കത്തോപ്പ് ഭാഗത്ത് തീരമണഞ്ഞു. തമിഴ്‌നാട് കൊല്ലങ്കോട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജു, ജോണ്‍ബോസ്‌കൊ, സഹായരാജു എന്നിവരെയാണ് കാണാതായത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും, കോസ്റ്റല്‍ പൊലീസും തെരച്ചില്‍ ആരംഭിച്ചു. നേവിയുടെ സഹായം തേടിയിട്ടുണ്ട്. രക്ഷപ്പെട്ട സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് നിക്കോള എന്ന വള്ളമാണ് മറിഞ്ഞത്. തകര്‍ന്ന വള്ളം മരുത്തടി ഭാഗത്ത് തീരത്തടിഞ്ഞു.

ഇന്നലെ മത്സ്യബന്ധനത്തിന് പോയ വള്ളം മടങ്ങിവരവേ, ഇന്ന് രാവിലെ പതിനൊന്നരയോടെ നീണ്ടകരയ്ക്ക് പടിഞ്ഞാറുഭാഗത്ത് വച്ച് കാറ്റില്‍പ്പെടുകയായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് രണ്ട് പേര്‍ നീന്തി തീരമണഞ്ഞത്.

DONT MISS
Top