‘കുല്‍ഭൂഷണ്‍ ജാദവ് കേസ് പാക്കിസ്താന്റെ വിജയം, നിയമ നടപടികള്‍ തുടരും’: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാക്കിസ്താന്റെ വിജയമാണെന്ന് അവകാശപ്പെട്ട് ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പങ്കുവെച്ചത്. ഇത് പാക്കിസ്താന്റെ വിജയമാണെന്നും കേസിലെ നിയമ നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷണ്‍ പാക്കിസ്താന്‍ ജനതയ്‌ക്കെതിരേ അക്രമം നടത്താന്‍ എത്തിയതാണെന്നും ഇമ്രാന്‍ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചത് പാക്ക് വിജയമാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. കുല്‍ഭൂഷണ്‍ പാക്ക് ജനതക്കെതിരെയുള്ള അക്രമത്തിന് കുറ്റക്കാരനാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

also read: കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ല

എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ കോടതിയുടെ നടപടിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി ഒന്നിനെതിരെ 15 വോട്ടുകള്‍ക്ക് തള്ളിയത്. വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്താന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.

also read: അയോധ്യ തര്‍ക്കഭൂമി കേസ്: മധ്യസ്ഥ ചര്‍ച്ചകള്‍ തുടരാന്‍ സുപ്രിംകോടതിയുടെ അനുമതി

നിഷ്പക്ഷമായ രീതിയില്‍ അല്ല കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ സൈനിക കോടതി വിചാരണ ചെയ്തതെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്ത കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം ലഭിക്കാതെ പോയി. വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു. റിട്ടയേഡ് നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ സുധീര്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരേ ഇന്ത്യ നല്കിയ അപ്പീലിലാണു വിധിയുണ്ടായത്. കുല്‍ഭൂഷണ് ആവശ്യമായ നയതന്ത്ര സഹായം ഇന്ത്യക്കു നല്കാമെന്നും പാക്കിസ്താന്റെ നടപടിക്രമങ്ങള്‍ 1963ലെ വിയന്ന കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

also read: വീടിനു മുന്നില്‍ അപകടഭീഷണിയുയര്‍ത്തി സ്റ്റേ കമ്പികള്‍; കെഎസ്ഇബി അവഗണിക്കുന്നതായി പരാതി

ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്താന്‍ സൈനിക കോടതി വിധിച്ചത്. മെയ് മാസത്തില്‍ ഇന്ത്യ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

DONT MISS
Top