ആന്തൂരില്‍ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത് മനോവിഷമം മൂലമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

കണ്ണൂര്‍: ആന്തൂരിലെ പാര്‍ത്താസ് കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി കിട്ടാത്തതു കൊണ്ടു തന്നെയാണ് വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ സംഘം. മറ്റു വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വിഎ കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു. പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു വന്ന വാദമുഖങ്ങളില്‍ കഴമ്പില്ലെന്നാണ് അന്യേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാര്‍ത്താസ് കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ ഉണ്ടായ മനോവിഷമം മാത്രമാണ് ആത്മഹത്യക്ക് കാരണമെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ് പറഞ്ഞു. മറ്റുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മറ്റേതെങ്കിലും കാരണങ്ങള്‍ ഉണ്ട് എന്ന് പൊലീസിന്റെ അന്വേഷണത്തില്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഫോണ്‍ വിളികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വാര്‍ത്തകളിലും വസ്തുതകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം മുഖപത്രത്തില്‍ ഇതുമായി ബന്ധപ്പെട്ടു വാര്‍ത്ത വന്നതിനു പിന്നാലെ സാജന്റെ കുടുംബം തന്നെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. നിരന്തര ആരോപണങ്ങളിലൂടെ തങ്ങളെ ആത്മഹത്യയിലേക്ക് നയിക്കരുതെന്നാണ് സാജന്റെ ഭാര്യ ബീന അന്നു പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് വിവാദങ്ങളില്‍ കുറവുണ്ടായിരുന്നുവെങ്കിലും സാജന്റെ മരണത്തില്‍ ദുരൂഹത നിലനിര്‍ത്താനാണ് സൈബര്‍ മീഡിയയില്‍ ചിലര്‍ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് ഇപ്പോള്‍ വ്യക്തമാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

DONT MISS
Top