ഏഴാം തവണയും ട്യൂമറിന്റെ പിടിയിമര്‍ന്ന് സീരിയല്‍ താരം ശരണ്യ; അമ്മയോടൊപ്പം വാടകവീട്ടില്‍ ഒറ്റയ്ക്ക് പൊരുതി ഈ 27 വയസ്സുകാരി

ചന്ദനമഴ, കറുത്ത മുത്ത് തുടങ്ങിയ സീരിയലുകളിലൂടെ അഭിനയപ്രതിഭ തെളിയിച്ച താരമാണ് ശരണ്യ ശശി. സിനിമ സീരിയല്‍ അഭിനയവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ശരണ്യയുടെ ജീവിതത്തില്‍ വില്ലനായി ട്യൂമര്‍ എത്തുന്നത്. ആറ് തവണയാണ് ശരണ്യയെ ട്യൂമര്‍ അതിക്രൂരമായി പരീക്ഷിച്ചത്. ഓരോ തവണ ഓപ്പറേഷന്‍ കഴിയുമ്പോഴും പരീക്ഷണങ്ങള്‍ അവസാനിച്ചുവെന്ന് ആശ്വസിക്കുമെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേയ്ക്കും അസുഖം വീണ്ടുമെത്തുന്ന സ്ഥിതിയിലാണ് ശരണ്യ. ഇപ്പോഴിതാ ഏഴാം തവണയും ട്യൂമര്‍ ഈ ശരീരത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. ഏഴാം തവണത്തെ ഓപ്പറേഷന്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

അമ്മയോടൊപ്പം വാടകവീട്ടിലാണ് ശരണ്യ താമസിക്കുന്നത്. അച്ഛനില്ല. ശരണ്യയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴും ശരണ്യ ജോലിക്ക് പോയിരുന്നു. പക്ഷേ സെറ്റുകളില്‍ തലകറങ്ങി വീഴുന്നത് പതിവായതോടെ ജോലിക്ക് പോകുന്നത് അസാധ്യമാവുകയായിരുന്നു. സഹോദരങ്ങള്‍ വിവാഹിതരായി വേറെ വീടുകളിലാണ്.

സിനിമാ സീരിയല്‍ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാര്‍ത്തയാണ് ശരണ്യയുടേത്. 27 വയസ്സ് മാത്രം പ്രായമുള്ള യുവതി ഏഴ് തവണ ട്യൂമറിനോട് പൊരുതേണ്ടി വന്നത് അത്ര നല്ല സാമ്പത്തിക ചുറ്റുപാടുകള്‍ പോലുമില്ലാതെയാണ്. എങ്കിലും ആറ് തവണയും മനക്കരുത്തുകൊണ്ട് മാത്രമാണ് ശരണ്യ രോഗത്തെ അതിജീവിച്ചത്. എല്ലാം ശരിയാകും വീണ്ടും ജോലി ചെയ്യാന്‍ കഴിയും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് ശരണ്യ മുന്നോട്ടുനീങ്ങുന്നത്. അണയാത്ത ഈ ആത്മവിശ്വാസം മാത്രമാണ് ഓരോ തവണയും ഈ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കേള്‍ക്കുന്നവര്‍ക്ക് കൂടി വല്ലാത്തൊരു പ്രചോദനം നല്‍കുന്നതാണ് ശരണ്യ രോഗത്തെ നേരിട്ട രീതികള്‍. എന്നാല്‍ ഏഴാം തവണയും രോഗം വില്ലനായി അവതരിച്ചപ്പോള്‍ സാമ്പത്തികം ശരണ്യയ്ക്ക് മുന്‍പില്‍ ഉത്തരമില്ലാത്ത ചോദ്യമായി.

വാര്‍ത്ത പുറത്തുവന്നതോടെ നിരവധിയാളുകളാണ് ശരണ്യയ്ക്കുവേണ്ടി പ്രാര്‍ത്ഥനയും വഴിപാടുകളും നേരുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ശരണ്യ തീര്‍ത്തും കിടപ്പിലാണ്. ഒറ്റയ്ക്ക് എഴുന്നേല്‍ക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ പോലും കഴിയില്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ തലച്ചോറിലെ ഞരമ്പുകള്‍ പ്രവര്‍ത്തനരഹിതമാണ്. എങ്കിലും ഏഴാമത്തെ ഓപ്പറേഷനും കഴിഞ്ഞപ്പോഴും ശരണ്യ പ്രതീക്ഷയിലാണ്. ഇനിയും എഴുന്നേറ്റു നടക്കാനും ജോലിക്കു പോകാനും കഴിയുമെന്ന്. ശരണ്യയുടെ സുഹൃത്തുക്കളും അങ്ങനെത്തന്നെ വിശ്വസിക്കുന്നു.

അസുഖബാധിതയായി സീരിയല്‍ ലോകത്ത് നിന്ന് പിന്മാറി വീട്ടിലൊതുങ്ങിയപ്പോള്‍ മുതല്‍ ശരണ്യയുടെ കൂടെ നിന്ന് സുഹൃത്തുക്കളിലൊരാളായ സിനിമ സീരിയല്‍ താരം സീമ ജി നായരാണ് ശരണ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തറിയിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സീമ ജി നായര്‍ ശരണ്യയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും വ്യക്തമാക്കിയത്. എന്നാല്‍ ശരണ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറഞ്ഞതോടെ അവളെ സ്‌നേഹിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും സീമ പറയുന്നു. വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നവര്‍ നിരവധിയാണെന്ന് സീമ പറയുന്നു. ഓപ്പറേഷന് ശേഷം വിശ്രമിക്കുന്ന ശരണ്യയെ സീമ ജി നായര്‍ വീട്ടിലെത്തി കണ്ടിരുന്നു.

DONT MISS
Top