ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം; പോരാട്ടവീറില്‍ ഹൃദയം കീഴടക്കി കടുവകള്‍


ലോകകപ്പില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി. 381 എന്ന റണ്‍ കൂമ്പാരം മുട്ടുവിറയ്ക്കാതെ പിന്തുടര്‍ന്ന് ബംഗ്ലാദേശ് നേടിയത് 333 റണ്‍സ്. ഓസ്‌ട്രേലിയ ജയിച്ചത് 48 റണ്‍സിനാണെങ്കിലും ഹൃദയം കീഴടക്കിയത് ബംഗ്ലാദേശ് തന്നെ.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്കായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 147 പന്തില്‍ 166 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണര്‍ ബംഗ്ലാ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലി. 14 ഫോറുകളും അഞ്ച് സിക്‌സുകളും വാര്‍ണറുടെ അടിയോടടിയില്‍ ഉള്‍പ്പെടുന്നു. ഒരുവേള വാര്‍ണര്‍ ഇരട്ടസെഞ്ച്വറി കടക്കുമോ എന്നുപോലും തോന്നിച്ചു.

ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് 121 റണ്‍സിലാണ് വീണത്. രണ്ടാം വിക്കറ്റ് വീണത് 313 റണ്‍സിലും. ഫിഞ്ചിന്റെ 53 റണ്‍സും ഖ്വാജയുടെ 89 റണ്‍സും മാക്‌സ്‌വെല്ലിന്റെ 10 പന്തിലെ 32 റണ്‍സും ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിന്റെ ആണിക്കല്ലുകളായി. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 381 റണ്‍സ് അടിച്ചെടുത്തത്.

ഓസ്‌ട്രേലിയന്‍ ടോട്ടലിനെ തെല്ലും കൂസാതെ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് പലപ്പോഴും മത്സരത്തില്‍ മേധാവിത്തം പുലര്‍ത്തി. 102 റണ്‍സുമായി പുറത്താകാതെനിന്ന വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹിമിന്റെ ബാറ്റിംഗാണ് ബംഗ്ലാദേശിനെ തലയുയര്‍ത്തിപ്പിടിക്കാന്‍ പ്രാപ്തരാക്കിയത്. 97 പന്ത് നീണ്ട അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ ഒരു സിക്‌സും ഒമ്പത് ബൗണ്ടറികളുമുണ്ടായിരുന്നു.

ഓപ്പണര്‍ തമിം ഇഖ്ബാല്‍ 62 റണ്‍സും ഷാകിബ് അല്‍ ഹസന്‍ 41 റണ്‍സും മഹ്മുദുള്ള 69 റണ്‍സും സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന നല്‍കി. 50 ഓവറും പൊരുതിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 333 റണ്‍സെടുത്തത്.

Also Read: പൂജാരി പറഞ്ഞു, പിന്നെയൊന്നും നോക്കിയില്ല; വരന്റെ കഴുത്തില്‍ വധു താലികെട്ടി; അബദ്ധം പിണഞ്ഞതറിയാതെ ചുറ്റും നിന്നവര്‍(വീഡിയോ)

DONT MISS
Top