ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി: മുംബൈ പൊലീസ് കണ്ണൂരില്‍; എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരായ പീഡനനാരോപണ പരാതി അന്വേഷിക്കാന്‍ മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ എത്തിയത്. ഓഷിവാര പൊലീസിലെ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നീ രണ്ട് എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്. ഇവര്‍ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തി. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. ഇത് അന്വേഷിച്ച് ഉറപ്പു വരുത്താനാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

Also read:ബിനോയ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി മുംബൈ പൊലീസ്; മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശം

അതേസമയം, ബിനോയിക്ക് എതിരായ എഫ്‌ഐആര്‍ ഓഷിവാര പൊലീസ് മുംബൈ അന്ധേരി കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് ശേഖരിച്ചു വരികയാണ്. വേണമെങ്കില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും ഓഷിവാര പൊലീസ് അറിയിച്ചു.

യുവതിയുടെ പരാതിയില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെയും കുട്ടിയുടെയും ചെലവിനായി ബിനോയി 2010 മുതല്‍ 2015 വരെ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാസം നല്‍കിയിരുന്നതായി ബാങ്ക് രേഖകള്‍ സൂചിപ്പിക്കുന്നു. യുവതിയുടെ എട്ടു വയസ്സുള്ള കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ കോളത്തില്‍ ബിനോയി കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also read:പട്ടിണി പാവങ്ങള്‍ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കുന്ന തുകയായിരിക്കും മക്കള്‍ ഡാന്‍സ് ബാറുകളില്‍ വാരിവിതറുന്നത്: ബിന്ദു കൃഷ്ണ

ബിനോയിയും യുവതിയും ചേര്‍ന്നുള്ള ചിത്രങ്ങള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതല്‍ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ തുടങ്ങിയവ ഓഷിവാര പൊലീസിന് യുവതി സമര്‍പ്പിച്ചിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി 33കാരിയായ ബിഹാര്‍ സ്വദേശിനിയാണ് ബിനോയ്‌ക്കെതിരെ പരാതി നല്‍കിയത്. ബിനോയ് വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് പരാതി.

Also read:ബിനോയ്‌ക്കെതിരെ പരാതി; വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സീതാറാം യച്ചൂരി

‘ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. വിവാഹം കഴിക്കുമെന്ന് മാതാപിതാക്കള്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ലാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു’ യുവതിയുടെ പരാതിയില്‍ പറയുന്നു.

‘2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി’യെന്നും യുവതി പരാതിയില്‍ പറയുന്നു.

Also read:നഗ്ന ചിത്രം പുറത്തുവിടുമെന്ന് ഹാക്കറുടെ വിരട്ടല്‍; സ്വയം നഗ്ന ചിത്രം പുറത്തുവിട്ട് നടി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

DONT MISS
Top