വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടു: മുഖ്യമന്ത്രി

തിരുവനന്തപുരം: വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി യോഗത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ ദയനീയ പ്രകടനത്തിന് കാരണമായിട്ടുണ്ട് എന്നും ഇടതുമുന്നണി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ശബരമല വിഷയം മുന്‍നിര്‍ത്തി എല്‍ജെഡി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ യുവതികളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചു. ഈ നടപടി സ്ത്രീ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമായി എന്നുമായിരുന്നു വിമര്‍ശനം.

സീറ്റുകള്‍ സിപിഐഎമ്മും സിപിഐയും പങ്കിട്ട് എടുത്തു എന്ന് പ്രചാരണവും വിനയായെന്ന് എല്‍ജെഡി വിമര്‍ശനമുന്നയിച്ചു. ശബരിമല വിഷയം അവഗണിച്ച് മുന്നോട്ട് പോകരുതെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.

സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എല്‍ഡിഎഫിന്റെ പ്രത്യേക യോഗം ഉടനെ ചേരും. ഇതില്‍ മുഖ്യമന്ത്രി പ്രത്യേക കുറിപ്പ് തയാറാക്കി അവതരിപ്പിക്കും. ഇടതുപക്ഷത്തിന് നഷ്ടമായ വിശ്വാസി വോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും തീരുമാനമുണ്ടായി.

ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു എന്നത് നേരത്തെയും ഉന്നയിക്കപ്പെട്ട വസ്തുതയാണ്. സുപ്രിംകോടതി വിധിക്കും ഭരണഘടനയ്ക്കും എതിരായി നിലകൊണ്ട ഇരുപാര്‍ട്ടികളും ശബരിമല വിഷയത്തില്‍ വിശ്വാസികളെ പ്രീണിപ്പിച്ച് നിലകൊള്ളുകയായിരുന്നു. എന്നാല്‍ സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് ഉറച്ചും പുരുഷന്മാര്‍ക്ക് പ്രവേശിക്കാവുന്ന സ്ഥലത്തെല്ലാം സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന നിലപാടിലുമായിരുന്നു ഇടതുപക്ഷം.

Also Read: ബൈക്കുകളുടെ ഇറക്കുമതി നികുതി ഒറ്റ ഫോണ്‍കോളില്‍ മോദി 50% കുറച്ചു, മുഴുവനും നീക്കണം; ഇന്ത്യയുടെ നയത്തെ കുറ്റപ്പെടുത്തി ട്രംപ്

DONT MISS
Top