ഇന്ത്യയില്‍ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരമെന്ന പെരുമ വീണ്ടും നിലനിര്‍ത്തി പത്തനംതിട്ട

ഇന്ത്യയില്‍ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരമെന്ന പെരുമ വീണ്ടും നിലനിര്‍ത്തി പത്തനംതിട്ട. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ചാണ് പത്തനംതിട്ട നഗരം ഈ പെരുമ നിലനിര്‍ത്തിയത്. അസമിലെ തെസ്പൂരിനാണ് ഒന്നാം സ്ഥാനം.

ഒരു ഘനമീറ്റര്‍ വായുവില്‍ അടങ്ങിയിരിക്കുന്ന പത്ത് മൈക്രോണ്‍ വലിപ്പമുള്ള പൊടിയുടെ അളവാണ് ശുദ്ധവായുവിന്റെ ഗുണനിലവാര ഏകകമായി കണക്കാക്കുന്നത്. ഒരു ഘനമീറ്ററില്‍ പരമാവധി നൂറ് മൈക്രോ ഗ്രാം വരെ അനുവദനീയമായ അളവാണ്. പത്തനംതിട്ടയില്‍ ഇത് മുപ്പത്തിയഞ്ച് മുതല്‍ നാല്‍പ്പത് മൈക്രോ ഗ്രാം വരെ മാത്രമാണ്. പത്തനംതിട്ട നഗരത്തില്‍ വാഹനങ്ങളുടെ എണ്ണക്കുറവും റിങ്ങ് റോഡുകളുടെ സാന്നിധ്യവുമാണ് വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതെന്ന് പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിലെ എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ അലക്‌സാണ്ടര്‍ ജേക്കബ്ബ് പറഞ്ഞു.

പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിന് സമീപം സ്ഥാപിച്ചിട്ടുള്ള ഹൈവോളിയം സാമ്പിളര്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് വായുമലിനീകരണം അളക്കുന്നത്. ഈ ഉപകരണത്തിലൂടെ ഒരു മാസം പത്ത് ദിവസത്തോളം ഇരുപത്തിനാല് മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

DONT MISS
Top