കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന് ആരോപണം; വെന്റിലേറ്റര്‍ ഇല്ലാത്തതിനാലാണ് ചികിത്സ നല്‍കാഞ്ഞതെന്ന് ആശുപത്രി അധികൃതര്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചുവെന്ന് ആരോപണം. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലാത്തതിനാലാണ് ചികിത്സ നല്‍കാനാകാത്തതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

എച്ച് വണ്‍ എന്‍ വണ്‍ രോഗത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച ഇടുക്കി സ്വദേശി തോമസാണ് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് പനി ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലാത്തതിനാല്‍ ചികിത്സ നല്‍കാനായില്ലെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.

മെഡിക്കല്‍ കോളേജില്‍ നിന്നും പിന്നീട് കൊണ്ടുപോയ മാതാ, കാരിത്താസ്, ഭാരത് എന്നീ സ്വകാര്യ ആശുപത്രികളും കയ്യൊഴിഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് തോമസ് മരിച്ചത്.

പനിയും ശ്വാസതടസ്സത്തെയും തുടര്‍ന്നാണ് ജേക്കബിനെ രണ്ടു ദിവസം മുന്‍പു കട്ടപ്പനയിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപ്രതി അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ആധുനിക സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സിലാണ് രോഗിയെ കോട്ടയത്തേക്ക് എത്തിച്ചത്. ഒരു നഴ്സും ഒപ്പമുണ്ടായിരുന്നു.

ഒരാഴ്ചയ്ക്കകം ഇത് രണ്ടാം തവണയാണ് കോട്ടയം മെഡിക്കല്‍ കോളേജിന് പിഴവ് സംഭവിക്കുന്നത്. രണ്ടു ദിവസം മുമ്പ് സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ക്യാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോ ചെയ്തതും ഇതേ മെഡിക്കല്‍ കോളേജില്‍ തന്നെയാണ്. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

DONT MISS
Top