പഠനത്തില്‍ മോശമായപ്പോള്‍ സ്കൂളില്‍ നിന്ന് പുറത്താക്കി, 37 സപ്ലികളടിച്ചതോടെ ഒന്നിനും കൊള്ളാത്തവനെന്ന് കോളെജും മുദ്രകുത്തി; ഇന്ന് ബാല്യകാല സ്വപ്നമായ റോബോട്ടിക്സില്‍ കുതിച്ചുയര്‍ന്ന് ഗോകുല്‍

ഇന്ന് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയായി റോബോട്ടിക്സ് മാറിക്കൊണ്ടിരിക്കയാണ്. എല്ലാ പ്രധാന വ്യവസായ മേഖലകളും ഓട്ടോമേഷന്റെ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടില്‍ റോബോട്ടിക്സ് മേഖലയില്‍ അശ്വമേധം നടത്തുകയാണ് മലയാളിയായ ഗോകുല്‍ വി നാഥ്.
ബി ടെക് പഠനത്തിന് ശേഷം പ്രായോഗികതയുടെ ശാസ്ത്രത്തെ പിന്തുടര്ന്നാണ് ഗോകുല്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന ആശയത്തിലേക്ക് എത്തുന്നത്. പിന്നീട് കടല്‍ വെള്ളത്തെ കുടി വെള്ളമാക്കുന്ന മാലിദ്വീപിലെ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് അടക്കം നിരവധി നൂതന സംരംഭങ്ങള്‍ക്ക് രൂപം നല്കുന്ന ഒരു സ്ഥാപനമായി ‘ഡിമസ്റ്റാങ്കോ’ മാറുകയായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പറേഷനയുമായി പുതിയ കരാറില്‍ ഒപ്പിട്ടതോടു കൂടി പ്രശസ്തിയുടെ പുതിയ ദിശയിലേക്ക് സ്റ്റാര്‍ട്ടപ്പ് കുതിക്കുകയാണ്. പങ്കെടുത്ത 1300 സംരഭകരില്‍ നിന്ന് കേവലം 13 കമ്പനികളെ മാത്രമാണ് ഐഒസി തെരഞ്ഞെടുത്തത്. വ്യവസായ മേഖലകളിലെ തേരോട്ടത്തെ സൂചിപ്പിക്കാന്‍ എന്ന വണ്ണം അശ്വം എന്ന അര്‍ത്ഥം വരുന്ന ഡിമസ്റ്റാങ്കോ എന്നതാണ് കമ്പനിയുടെ പേര്. പ്രധാനമായും വന്‍കിട വ്യവസായ ശാലകള്‍ മുതല്‍ ഗാര്‍ഹിക ആവശ്യങ്കള്ക്കു വരെ ഉപയുക്തമായ വാട്ടര്‍ മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

ജീവിതത്തില്‍ പലപ്പോഴും തോല്‍വികള്‍ ഏറ്റുവാങ്ങിയ ഗോകുല്‍, തന്റെ കുട്ടിക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ തിരക്കിലാണ്. റോബോട്ടിക് മേഖലയിലുള്ള ആഭിനിവേശം തന്നെയാണ് പരാജയങ്ങളില്‍ നിന്ന് അദ്ദേഹത്തെ എടുത്തുയര്‍ത്തിയത്. കരയിലും വെള്ളത്തിലും പറക്കാന്‍ പറ്റുന്ന റോബോര്‍ട്ടുകളെ നാലാം ക്ലാസില്‍ തന്നെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു. എന്നാല്‍ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. പഠനത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകിലായ ഗോകുല്‍, ആറാം ക്ലാസില്‍ സ്കൂളില്‍ നിന്ന് പുറത്താകുകയായിരുന്നു. പിന്നീട് പല സ്കൂളുകളിലായാണ് പഠിച്ചത്. പ്ലസ് ടുവില്‍ ടോയ് റിമോര്‍ട്ട് കണ്ട്രോള് മിസൈല്‍ ഉണ്ടാക്കിയ ഗോകുലിനെ അവിടത്തെ അധ്യാപകന് പ്രശംസിച്ചു.
പിന്നീട് മെക്കാനിക്കല്‍ എഞ്ചിനീയറിങ് തെരഞ്ഞെടുത്തത് തന്നെ അവസാന വര്‍ഷത്തെ പ്രൊജക്ട് ചെയ്യാനായിരുന്നു. തന്റെ സ്വപ്നമായ സ്റ്റെപ്പ് കയറുന്നതും വെള്ളത്തിലും കരയിലും പോകുന്നതുമായ റോബട്ട് ഡെവലപ് ചെയ്യാനായിരുന്നു ഗോകുല്‍ തീരുമാനിച്ചത്. പഠനത്തില്‍ മോശമായതിനാല്‍ അധ്യാപകരുടെ ഭാഗത്തുനിന്നും പിന്തുണ ലഭിച്ചില്ല. 37 സപ്ലികളുള്ള ഗോകുലിന്റെ കഴിവില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. വീട്ടിലും സ്ഫടികം സിനിമയിലെ അവസ്ഥയായിരുന്നു. അധ്യാപകനായ അച്ഛന്റെ സുഹൃത്തുക്കളാണ് കോളെജിലെ ചില അധ്യാപകര്‍. മകന്റെ പഠന നിലവാരം അദ്ദേഹത്തിന് നാണക്കേടുണ്ടാക്കി.

നിയോ സ്പോര്‍ട്സ് നടത്തിയ ‘ഇന്റല്‍ സ്പോര്‍ട്സ് ഇന്‍വെന്റര്‍’ എന്ന മത്സരമാണ് ഗോകുലിന്റെ സ്വപ്നങ്ങളിലേക്കുള്ള വഴിതെളിച്ചത്. ബെസ്റ്റ് ബൗളറിനെ കണ്ടുപിടിക്കാനുള്ള സര്‍ക്യൂട്ട് നിര്‍മ്മാണത്തിലൂടെ കോളെജില്‍ പുതിയൊരു ഇമേജ് ഉണ്ടാക്കാന്‍ ഗോകുലിന് കഴിഞ്ഞു. പിന്നീട് തന്റെ സ്വപ്നമായ റോബോട്ട് കോളെജില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കാത്ത നിന്റെ ഏതു ജോലിക്കും ഒരു വര്‍ക്ക് ഷോപ്പുകാരന്റെ വിലയേയുള്ളൂ എന്ന് അധ്യാപകര്‍ ഓര്‍മപ്പെടുത്തി. പിന്നീട് അവരുടെ സഹായത്തോടെ സപ്ലികള്‍ എഴുതിയെടുക്കാന്‍ ഗോകുല്‍ തയ്യാറാകുകയായിരുന്നു. ഇതിനിടയില്‍ വരുമാനത്തിനായി ചെറിയ പ്രൊജക്ടുകള്‍ ഏറ്റെടുത്തു. വീട്ടിലെ തൊഴുത്ത് ഓഫീസാക്കി നാല് വര്‍ഷം പ്രൊജക്ടുകള്‍ ചെയ്തു. സപ്ലികളും എഴുതിയെടുത്തു.
2010ലാണ് ഡിമസ്റ്റാങ്കോ ചെറിയ രീതിയില്‍ ഗോകുല്‍ തുടങ്ങിയത്. 2014ല്‍ ജലനിധിക്ക് വേണ്ടി ‘ഗോജല്‍’ എന്ന വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ നിര്‍മിച്ചതോടെ ജനശ്രദ്ധ ആകര്‍ഷിച്ചു. രണ്ട് കിലോമീറ്റര്‍ ദൂരത്തുള്ള ടാങ്കില്‍ വെള്ളമില്ലെങ്കില്‍ ടാങ്ക് എസ്എംഎസ് അയക്കും. സന്ദേശമനുസരിച്ച് മോട്ടോര്‍ ഓണ്‍ ചെയ്യാം. വെള്ളം നിറയുമ്പോള്‍ ഓഫ് ചെയ്യാനായി സെന്‍സര്‍ വീണ്ടും ഒരു എസ്എംഎസ് അയക്കും. അപ്പോള്‍ മോട്ടോര്‍ ഓഫ് ചെയ്യാം. ഗ്രാമങ്ങളില്‍ ഉപകാരപ്രദമായ ഈ സംവിധാനം സൗജന്യമായി തന്നെ ഗോകുലും സംഘവും സ്ഥാപിക്കുകയായിരുന്നു. പിന്നീട് 2014ല്‍ കെഎസ്ഐഡിസി ഗോജലിലേക്ക് 25 ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്യുകയായിരുന്നു. 2015ല്‍ കേരളം സ്റ്റാര്‍ട്ടപ്പ് മിഷനില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു.

മാലിദ്വീപിലാണ് ആദ്യ പ്രൊജക്ട് ലഭിക്കുന്നത്. ആറ് ദ്വീപുകളില്‍ കുറഞ്ഞ ചെലവില്‍ വെള്ളമെത്തിക്കാനുള്ള ‘RO plant (rev-erse osmosis plant)’ കണ്ട്രോളര് രൂപകല്പന ചെയ്തു. എന്തെങ്കിലും പ്രശ്നങ്ങള്‍ വന്നാല്‍ അവര്‍ ബോട്ട് പിടിച്ചാണ് ഒരു ദ്വീപില്‍ നിന്ന് മറ്റൊരു ദ്വീപിലേക്ക് പോകുന്നത്. ഇത് ഒഴിവാക്കാനായി ഗോജല്‍ ഐഒടി പ്ലാറ്റ്ഫോം ഡെവലപ് ചെയ്തു. ഒരു സ്ഥലത്ത് നിന്നുകൊണ്ടു തന്നെ ദ്വീപുകളില്‍ എത്രമാത്രം വെള്ളം കിട്ടി, വെള്ളത്തിന്റെ ക്വാളിറ്റി എന്താണ്, എത്രനേരം പമ്പ് ഓണായി, ഓഫായി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മോണിറ്ററിംഗ് ചെയ്യാന്‍ സിസ്റ്റത്തിലൂടെ കഴിയും. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും സിസ്റ്റം ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. പിന്നീട് ഡല്‍ഹി, കൊച്ചി മെട്രോ സ്റ്റേഷനുകളിലും ഇതുപോലത്തെ സിസ്റ്റം ഗോകുലും ടീമും ഡെവലപ് ചെയ്യുകയായിരുന്നു

ഇപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രൊഡക്ഷന്‍ ഗുണം ചെയ്യുന്ന റോബോര്‍ട്ടിന്റെ പണിപ്പുരയിലാണ്. നാലാം ക്ലാസിലെ ഗോകുലിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. മാര്‍ ബസേലിയസില്‍ നിന്ന് 37 സപ്ലികള്കളുമായി ഇറങ്ങിയ ഗോകുല്‍ ഇന്ന് അതേ കോളെജില്‍ മെക്കാനിക്ക് ഡിപാര്‍ട്ട്മെന്റിന്റെ അഡ്വൈസറി ബോര്‍ഡ് മെമ്പറാണ്. സപ്ലിയടിച്ചതിന്റെ പേരിലും കാശില്ലാത്തതിന്റെ പേരിലും സ്വപ്നം കാണാതിരിക്കരുതെന്നാണ് ഗോകുല്‍ പറയുന്നത്. ഏതാണ് നിങ്ങളുടെ മേഖലയെന്ന് കണ്ടെത്തി പിന്തുടരുക. വരാനിരിക്കുന്നത് എന്തായാലും നമ്മുടെ കൈയിലെത്തുമെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഗോകുല്‍ പറയുന്നത്.
തലച്ചോറില്‍ നിന്നുള്ള സിഗ്നല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രകൈ അടക്കം നിരവധി പദ്ധതികളാണ് ഇന്ന് ഡിമസ്റ്റാങ്കോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.