കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വന്നാലേ ബിജെപിയ്ക്ക് ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയൂ എന്ന പ്രചാരണത്തെ ചെറുക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞില്ല, അതാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്: തോമസ് ഐസക്

തിരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക്. കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയം ദേശീയ തലത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ ശേഷി ദുര്‍ബലപ്പെടുത്തും. വരാന്‍ പോകുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഈ തിരിച്ചടി പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2014ല്‍ എല്‍ഡിഎഫിന് കേരളത്തില്‍ 40.11 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2016ല്‍ 43.48 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ പ്രാഥമിക വിലയിരുത്തലില്‍ 35.1 ശതമാനമാണ് എല്‍ഡിഎഫിന്റെ വോട്ടുവിഹിതം. ഇടതുപക്ഷത്തിന്റെ അടിസ്ഥാനവോട്ടില്‍ ഉണ്ടായിട്ടുള്ള ഗൗരവമായ ചോര്‍ച്ചയിലേയ്ക്കാണ് ഈ ഇടിവ് നിസംശയം വിരല്‍ ചൂണ്ടുന്നത്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ഒരു പ്രത്യേകദിശയിലേയ്ക്കുള്ള ഏകീകരണം കൊണ്ട് മാത്രം വിശദീകരിക്കാനാവുന്ന പ്രതിഭാസമല്ല ഇത്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഇടതുപക്ഷത്തെ പിന്താങ്ങിയ എല്ലാ വിഭാഗത്തിന്റെയും വോട്ടുകളില്‍ കുറവു സംഭവിച്ചിട്ടുണ്ട്. ഇതാണ് വോട്ടിംഗിലെ അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള പരിശോധനയില്‍ വെളിപ്പെടുന്നത്.

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയ നേട്ടത്തിന് ഒരു സുവര്‍ണാവസരമായിക്കണ്ട് പ്രക്ഷോഭത്തിലേയ്ക്ക് എടുത്തു ചാടുകയായിരുന്നല്ലോ. ഇടതുപക്ഷത്തെ പിന്താങ്ങിയിരുന്ന ഒരു വിഭാഗം വോട്ടര്‍മാരെ ആഴത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വര്‍ഗീയപ്രചരണം നടത്താന്‍ അവര്‍ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഭാഗം ബിജെപിയിലേയ്ക്കല്ല, യുഡിഎഫിലേയ്ക്കാണ് പോയത്. തിരഞ്ഞെടുപ്പുവേളയില്‍ ഈയൊരു ആപത്ത് വ്യക്തമായിരുന്നു. എന്നാല്‍ പട്ടികവിഭാഗങ്ങളില്‍ ദൃശ്യമായ ഇടതുപക്ഷാനുഭാവവും സംഘപരിവാറിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുമൂലം മതന്യൂനപക്ഷങ്ങളിലുണ്ടായ അംഗീകാരവും കൊണ്ട് ഇത് അതിജീവിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്.

ശബരിമല വിവാദകാലത്ത് വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ പരിശ്രമങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ തത്ത്വാധിഷ്ഠിതമായ പോരാട്ടം ഒരുകാര്യം വ്യക്തമാക്കി. കേരളത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും മുന്നേറ്റത്തെ തടയാന്‍ ഇടതുപക്ഷം മാത്രമേയുള്ളൂ. എന്നാല്‍ ഇത്തവണ ഇത് വോട്ടായി മാറിയില്ല. മാത്രമല്ല, കഴിഞ്ഞ തവണ എല്‍ഡിഎഫിന് വോട്ടു ചെയ്തവരില്‍ ഒരു വിഭാഗം യുഡിഎഫിലേയ്ക്ക് മാറുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ഇത് തിരിച്ചറിയാതെ പോയത് വലിയൊരു വീഴ്ചയാണ്.

ഇങ്ങനെ സംഭവിക്കാന്‍ കാരണം, തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും മതന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവര്‍ പ്രകടിപ്പിച്ച വലിയ പിന്തുണയാണ്. സര്‍ക്കാരിന്റെ പ്രകടനങ്ങളിലുള്ള മതിപ്പും സംഘപരിവാറിനെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത ചെറുത്തു നില്‍പ്പിലുള്ള അനുഭാവവും വളരെ പ്രകടമായിരുന്നു. എല്‍ഡിഎഫിനോടുള്ള വിരോധമോ അകല്‍ച്ചയോ എവിടെയും പ്രകടമായില്ല. അതേസമയം ശക്തമായ മോദി വിരുദ്ധവികാരം ദൃശ്യമായിരുന്നു താനും. എന്നാല്‍ കേന്ദ്രത്തില്‍ ഏറ്റവും വലിയ പാര്‍ടിയായി കോണ്‍ഗ്രസ് വന്നാലേ ബിജെപിയ്ക്ക് ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയൂ എന്ന പ്രചാരണത്തെ ഫലപ്രദമായി ചെറുക്കുന്നതിന് എല്‍ഡിഎഫിനു കഴിഞ്ഞില്ല. അതാണ് വോട്ടിംഗില്‍ പ്രതിഫലിച്ചത്. ഇന്ന് യുഡിഎഫിന് വോട്ടു ചെയ്ത ഈ വിഭാഗങ്ങളുടെ നിലപാട് സ്ഥായിയാണെന്നു ഞങ്ങള്‍ കരുതുന്നില്ല. അതുകൊണ്ടാണ് ഈ തിരിച്ചടി താല്‍ക്കാലികമാണ് എന്ന നിഗമനത്തിലെത്തുന്നത്.

ഈ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യങ്ങള്‍- പ്രവര്‍ത്തനശൈലിയില്‍, വിവിധ സാമൂഹിക വിഭാഗങ്ങളോടുള്ള ബന്ധത്തില്‍, സര്‍ക്കാരിന്റെ നേട്ടങ്ങളെ രാഷ്ട്രീയ പിന്തുണയായി മാറ്റുന്നതില്‍ – ഒക്കെയുള്ള ദൗര്‍ബല്യങ്ങളെ നിശിതമായ സ്വയം വിമര്‍ശനത്തോടെ കണ്ടെത്തി പരിഹരിച്ചേ തീരൂ. അതിലൂടെ മാത്രമേ ഇന്നത്തെ തിരിച്ചടിയില്‍ നിന്നുള്ള കരകയറ്റം ഉറപ്പാക്കാനാവൂ.

ബിജെപിയുടെ വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചിട്ടില്ല. ബിജെപിയ്ക്ക് ഒരു സീറ്റുപോലും നേടാന്‍ കഴിയാത്തതും 2016നെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്. പക്ഷേ, ഇതിനര്‍ത്ഥം ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിനുവേണ്ടി ബിജെപി വോട്ടു മറിച്ചിട്ടില്ല എന്നല്ല. ഏതാണ്ട് ആറു മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ആ വളര്‍ച്ച ആനുപാതികമായി മറ്റു മണ്ഡലങ്ങളില്‍ കാണുന്നില്ല. ആ വോട്ടും യുഡിഎഫിലേയ്ക്കു പോയിട്ടുണ്ട്.

കോണ്‍ഗ്രസ് ജയിച്ചാലേ, മതനിരപേക്ഷ സര്‍ക്കാരുണ്ടാകൂ എന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ദേശീയ തിരഞ്ഞെടുപ്പുഫലം തിരിച്ചറിവാകും. കേരളവും പഞ്ചാബുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുകയാണ്. ഇത് കൃതനാര്‍ത്ഥമാണ്. ഇവിടങ്ങളിലെല്ലാം ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കുന്നതിന് ഉചിതമായ ഇടപെടലുകള്‍ നടത്തുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇന്നത്തെ പ്രതികൂലമായ സാഹചര്യത്തിലും വര്‍ഗീയതയ്‌ക്കെതിരെ മാത്രമല്ല, ബിജെപി ശക്തമായി തുടരാന്‍ പോകുന്ന നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നില്‍ ഇടതുപക്ഷം ഉണ്ടാകും. ഇത്തരമൊരു സമീപനം കൈക്കൊള്ളുന്നതിന് ഇടതുപക്ഷത്തിനേ കഴിയൂ. അതാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി. തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top