ചെണ്ടപ്പുറത്ത് കോലു വീണാല്‍ മനസ്സു നിറയുന്നത് പുരുഷന്മാര്‍ക്ക് മാത്രമോ? തൃശ്ശൂര്‍ പൂരത്തിന് പെണ്ണുങ്ങള്‍ പോയാല്‍

ചെണ്ടപ്പുറത്ത് കോലു വീണാല്‍ മനസ്സു നിറയുന്നത് പുരുഷന്മാര്‍ക്ക് മാത്രമല്ല, ആ താളലയം മനം നിറഞ്ഞ് ആസ്വദിക്കുന്ന സ്ത്രീകളുമുണ്ട്. അടുത്തിടെ വൈറലായ വീഡിയോകളിലെല്ലാം കണ്ടതാണ് പൂരപ്പറമ്പില്‍ ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവെക്കുന്ന പെണ്‍കുട്ടികളെ. പൂരം ഒരാവേശമാണ്. ആണിനു മാത്രമല്ല, പെണ്ണിനും അതങ്ങനെ തന്നെയാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് എല്ലാ ഇഷ്ടങ്ങളെയും അത്ര സന്തോഷത്തോടെ തന്നെ ആസ്വദിക്കാന്‍ സാധിക്കാറുണ്ടോ? ഇല്ലെന്നു തന്നെയാണ് ഇപ്പോഴും ഉത്തരം. മതസൗഹാര്‍ദ്ദത്തിന് പേരു കേട്ട തൃശ്ശൂര്‍ പൂരം കാണാന്‍ ആ മണ്ണിലേക്കെത്തിയ എത്ര പെണ്‍കുട്ടികളാവും സന്തോഷത്തോടെ പൂരത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ടാകുക. ആരുമുണ്ടാകില്ല എന്നു പറയേണ്ടിവരും. ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ദൂരെ മാറിനിന്ന് കാഴ്ചകള്‍ കണ്ടവരോ, സ്പെഷ്യല്‍ പാസ്സോ വിഐപി പരിഗണനയോ ഉളളവരുമായിരിക്കും എന്നതില്‍ സംശയമില്ല.

പാറമേക്കാവിനു മുന്നില്‍ ചെമ്പടയുടെ താളലയം മുറുകുമ്പോള്‍, കുടമാറ്റത്തിനൊരുങ്ങി ഗജവീരന്മാര്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടത്തിലൊരാളായി ആര്‍പ്പുവിളിയോടെ പൂരം കണ്ട പെണ്‍കുട്ടികള്‍ ആരുമുണ്ടാവില്ല. ഇങ്ങനെയൊഗ്രഹം പറയുമ്പോള്‍ത്തന്നെ പരിഹാസത്തോടെയുള്ള ചിരിയായിരിക്കും മറുപടി. പൂരത്തിന് പോകണമെന്ന് മകളോ, ഭാര്യയോ, സഹോദരിയോ പറഞ്ഞാല്‍ അത് നടക്കില്ലെന്നോ, ഒട്ടും സുരക്ഷിതമല്ലെന്നോ അതല്ലെങ്കില്‍ പുരുഷന്മാര്‍ മോശമായി പെരുമാറിയേക്കുമെന്നോ ആയിരിക്കും മിക്ക ആണുങ്ങളുടെയും മറുപടി. മോശമായി പെരുമാറുന്ന ആ പുരുഷാരത്തിലൊരാള്‍ താന്‍ തന്നെയാണെന്ന് ഒരിക്കലും അംഗീകരിക്കാതെയുള്ള പിന്തിരിപ്പിക്കല്‍.

ഞാന്‍ മോശമായി പെരുമാറില്ലെന്ന് ഓരോ പുരുഷനും ചിന്തിച്ചാല്‍ മാത്രംമതി പൂരം പെണ്ണുങ്ങളുടേത് കൂടിയാവാന്‍. ആഘോഷങ്ങള്‍ പൂര്‍ണ്ണമാകുന്നത് ആണും പെണ്ണും ധനവാനും ദരിദ്രനും എന്നൊക്കെയുള്ള വ്യത്യാസമില്ലാതെയാകുമ്പോഴാണല്ലോ. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ പലപ്പോഴും തോണ്ടലുകള്‍ക്കും അനാവശ്യ സ്പര്‍ശനങ്ങള്‍ക്കും വിധേയരാക്കപ്പെടുന്നുവെന്നത് സാംസ്‌കാരിക കേരളത്തിന്റെ മറ്റൊരു മുഖമാണ്. പൊതുഇടങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന അഹന്തയില്‍ നിന്നാണ് ഇത്തരം കീഴടക്കലുകള്‍ പിറവിയെടുക്കുന്നത്.

ആണുങ്ങള്‍ കീഴടക്കി വെച്ചിരിക്കുന്ന പൂരപ്പറമ്പുകള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വിളിച്ചുപറയുമ്പോഴും തങ്ങള്‍ക്ക് നേരെ ഉയരുന്ന കൈകള്‍ക്ക് നേരെ പ്രതികരിക്കാന്‍ ധൈര്യം കാണിക്കുമ്പോഴും പെണ്‍കുട്ടികള്‍ ഒറ്റപ്പെട്ടുപോവുകയാണ്. അപമാനിക്കപ്പെടുമ്പോഴും തനിച്ചാക്കപ്പെടുന്നതിന്റെ സങ്കടം കൂടിയാണ് പെണ്‍കുട്ടികള്‍ക്ക് പറയാനുള്ളത്. യുവാക്കള്‍ക്ക് സധാചാര ബോധം സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണെന്നാണ് പൂരം കാണാന്‍ പോയ അനുഭവം പങ്കുവെച്ച അക്ഷയയ്ക്ക് പറയാനുള്ളത്. ഏറെ നാളത്തെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണ് ഇത്തവണ പൂരങ്ങളുടെ പൂരം കാണാന്‍ സാംസ്‌ക്കാരിക നഗരിയില്‍ പോയത് എന്നാല്‍ ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്ന് തിരിച്ചറിഞ്ഞത് ഇവിടെ വെച്ചാണെന്ന് അക്ഷയ പറയുന്നു.

‘കയറി പിടിച്ചവന്‍മാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോള്‍ ചുറ്റും കൂടിയവരുടെ ചോദ്യം കൂടെ ആരുമില്ലേ എന്നായിരുന്നു. ഒരാള് പോലും വൃത്തികേട് കാണിച്ചവന്‍മാര്‍ക്കെതിരെ മിണ്ടിയില്ല. പരാതിപ്പെടാന്‍ ഒരു പൊലീസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല. അവസാനം പാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ ഒരു വിധം ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെട്ടു. പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നില്‍ക്കാനും പെണ്ണിനും ആഗ്രഹമുണ്ടെന്ന് പറയുന്നു അക്ഷയ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അക്ഷയ ആദ്യമായി പൂരം കാണാന്‍ പോയതിന്റെ അനുഭവം പങ്കുവെച്ചത്. മാധ്യമ പ്രവര്‍ത്തക കൂടിയാണ് അക്ഷയ ദാമോദരന്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏറെ നാളത്തെ ആഗ്രഹത്തിന്റെ ഫലമായി ഇത്തവണ പൂരങ്ങളുടെ പൂരം കാണാന്‍ സാംസ്‌ക്കാരിക നഗരിയില്‍ പോയി… പൂരം അസ്സലാണെന്ന് ഇനി ഞങ്ങള്‍ പറയേണ്ട ആവശ്യമൊന്നും ഇല്ലലോ… പക്ഷേ ഞങ്ങള്‍ പറയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്.. ശക്തമായ സുരക്ഷയാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.. എങ്ങോട്ട് നോക്കിയാലും പൊലീസ് ഉണ്ട്… എന്നാല്‍ പ്രശ്‌നങ്ങള്‍ ഇനിയാണ്.. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഒത്തുചേരലിന്റെ ഭാഗമായ പൂരം കാണാന്‍ എത്തുന്ന പതിനായിര കണക്കിന് ആളുകള്‍ തന്നെയാണ് ഏറ്റവും മനോഹരമായ കാഴ്ച… പുരുഷാരം മുഴുവന്‍ പുരുഷന്‍മാര്‍ തന്നെയായിരുന്നു.. സമ പ്രായക്കാരെ പോലും അധികം കാണൃനായില്ല.. ഉന്തിനും തള്ളിനും ഇടയില്‍ ഏറ്റവും മുന്നില്‍ നിന്ന് തന്നെ വെടിക്കെട്ട് കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചൂ.. ഇതിനിടയിലാണ് പൂരത്തേക്കാള്‍ പ്രേമം സ്പര്‍ശന സുഖത്തില്‍ കണ്ടെത്തുന്ന ചില പൂര പ്രേമികളെ കണ്ടത്… ചിലതൊക്കെ തിരക്ക് മൂലമാണെന്ന് കരുതി ഞങ്ങള്‍ ഒഴിവാക്കി. .. എന്നാല്‍ തോണ്ടലും പിടുത്തവും മനപൂര്‍വ്വം ആണെന്ന് മനസ്സിലായതോടെ പ്രതികരിക്കാന്‍ തുടങ്ങി… ചെറിയൊരു കൂട്ടം ആളുകളില്‍ നിന്നും അഞ്ച് തവണ ഞങ്ങള്‍ക്ക് മോശം അനുഭവം ഉണ്ടായി.. കയറി പിടിച്ചവന്‍മാരെ കയ്യോടെ പിടിച്ച് ചീത്ത വിളിക്കുമ്പോള്‍ ചുറ്റും കൂടിയവരൂടെ ചോദ്യം ഞങ്ങള്‍ക്ക് കൂടെ ആരുമില്ലേ എന്നായിരുന്നൂ.. ഒരാള്‍ പോലും വൃത്തികേട് കാണിച്ചവന്‍മാര്‍ക്കെതിരെ മിണ്ടിയില്ല…പരാതിപെടാന്‍ ഒരു പൊലിസിനെയും ആ സമയത്ത് അവിടെങ്ങും കണ്ടില്ല.. അവസാനംപാറമേക്കാവിന്റെ വെടിക്കെട്ട് കാണാതെ നമ്മള്‍ ഒരു വിധം ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപെട്ടു. .. ഇനി പൂരത്തിനില്ലെന്നാണ് ആദ്യം പറഞ്ഞത്. .. ഈ സംഭവത്തില്‍ ഏറ്റവും മനസിനെ വിഷമിപ്പിച്ച കാര്യം എന്താണെന്നു വെച്ചാല്‍ ചുറ്റും കൂടി നിന്ന യുവാക്കളാണ് കമന്റ് അടിക്കാനും ശരീരത്തില്‍ സപര്‍ശിക്കാനും വന്നത് എന്നതാണ്.. നമ്മുടെ യുവാക്കള്‍ക്ക് സധാചാര ബോധം സോഷ്യല്‍ മീഡിയയില്‍ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.. ഇത്രയും അധ:പതിച്ചതാണ് നമ്മുടെ സമൂഹം എന്നറിഞ്ഞത് പൂരത്തിനിടയിലാണ്… സാംസ്‌ക്കാരിക നഗരിയില്‍ നിന്നാണ്… പൂരം കാണാനും നാലാളു കൂടുന്നിടത്ത് സ്വാതന്ത്രത്തോടെ നില്‍ക്കാനും ഓരോ പെണ്‍കുട്ടിക്കും സ്ത്രീകള്‍ക്കും ആഗ്രഹമുണ്ട്…

DONT MISS
Top