കൊല്ലം കടയ്ക്കലില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി പിടിയില്‍

കൊല്ലം: കൊല്ലം കടയ്ക്കല്‍ തുടയന്നൂര്‍ വെളുന്തറ രാധാകൃഷ്ണപിള്ളയുടെ കൊലപാതകത്തിലെ ഒന്നാം പ്രതി പിടിയില്‍. തുടയന്നൂര്‍ വെളുന്തറ മഞ്ജു വിലാസത്തില്‍ ഉണ്ണികൃഷ്ണനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഏഴ് മണിയോടെയായിരുന്നു പ്രതികളായ ശശിധരപ്പിള്ളയും മകന്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന് രാധാകൃഷ്ണപിള്ളയെ കുത്തിക്കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

സംഭവ ദിവസം തന്നെ ശശിധരന്‍പിള്ളയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണനാണ് രാധാകൃഷ്ണപിള്ളയെ കുത്തിയതെന്ന്് ശശിധരന്‍ പിള്ള പൊലീസില്‍ മൊഴി നല്‍കി. ഒളിവില്‍ പോയഉണ്ണികൃഷ്ണനു വേണ്ടി പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടുകൂടി ഇയാള്‍ നിലമേലില്‍ എത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് കടയ്ക്കല്‍ സിഐ തന്‍സീം അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാവിലെ ഒന്‍പതു മണിയോടുകൂടിഅറസ്റ്റ് രേഖപ്പെടുത്തി. മരിച്ച രാധാകൃഷ്ണപിള്ള ബിഎംഎസ് പ്രവര്‍ത്തകനാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കടയ്ക്കല്‍ സിഐ പറഞ്ഞു.

DONT MISS
Top