മരണത്തിന് കാരണം ഭര്‍ത്താവും ഭര്‍തൃമാതാവും; ജപ്തിഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്; ആത്മഹത്യാക്കുറിപ്പ് പൊലീസ് പുറത്തുവിട്ടു

ചന്ദ്രന്‍, കൃഷ്ണമ്മ

തിരുവനന്തപുരം: ജപ്തി ഭയന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. തങ്ങളുടെ മരണത്തിനുത്തരവാദി ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയുമാണെന്ന് വ്യക്തമാക്കി ലേഖ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയും രണ്ട് ബന്ധുക്കളുമാണ് തന്റെയും മകളുടെയും മരണത്തിന് കാരണമെന്ന് എഴുതിവെച്ചതിനു ശേഷമാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. പൊലീസ് ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടു. ബന്ധുക്കളായ കാശി, ശാന്ത എന്നിവരുടെ പേരുകളും ആത്മഹത്യാക്കുറിപ്പിലുണ്ട്.

വൈഷ്ണവി, ലേഖ

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രനെയും ഭര്‍തൃമാതാവ് കൃഷ്ണമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് നിരന്തരമായി തന്നെ മാസസികമായി പീഡിപ്പിക്കുന്നു. കടം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണം ഭര്‍ത്താവാണ്. പലരോടും പണം കടം വാങ്ങാന്‍ നിര്‍ബന്ധിച്ചിരുന്നു. തന്നെ മാനസികമായി പീഡിപ്പിക്കുന്ന വിധത്തില്‍ പലതും പറഞ്ഞുനടക്കുന്നു. സ്ഥലം വിറ്റ് ബാങ്കിലെ കടം വീട്ടാന്‍ താന്‍ പലവട്ടം ശ്രമം നടത്തിയിരുന്നു. അപ്പോഴൊക്കെ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ തടസ്സം നില്‍ക്കുകയായിരുന്നു. സ്ഥലത്ത് ഒരു ആല്‍ത്തറയുണ്ട് അത് പൊളിച്ചുമാറ്റാന്‍ പറ്റില്ല, അതുകൊണ്ട് വില്‍ക്കാന്‍ പറ്റില്ല. എല്ലാം ദൈവം നോക്കിക്കോളും എന്നൊക്കെപ്പറഞ്ഞ് തടയുകയായിരുന്നുവെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ജപ്തിഭീഷണി: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

തന്നെയും മകളെയും ഭര്‍തൃമാതാവ് നിരന്തരം പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലുള്ള വിഷയത്തെത്തുടര്‍ന്ന് തങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലാനുള്ള ശ്രമം ഭര്‍തൃമാതാവിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. കടങ്ങള്‍ മുഴുവന്‍ വരുത്തിവെച്ചത് ഭര്‍ത്താവാണ്. എന്നാല്‍ ഇത് തിരിച്ചടയ്ക്കാനുള്ള യാതൊരു ശ്രമവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായില്ല. മാത്രമല്ല ഭര്‍ത്താവിപ്പോള്‍ മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് ഭര്‍തൃമാതാവിന്റെ എല്ലാ പിന്തുണയുമുണ്ട്. ഇവര്‍ വീട്ടില്‍ മന്ത്രവാദം നടത്തുന്നുണ്ട്. വീടിനു മുന്‍പില്‍ മന്ത്രവാദക്കളുമണ്ട്. അതുകൊണ്ട് സ്ഥലം വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വാശിപിടിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തന്നെയും മകളെയുംക്കുറിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തുന്നതും പതിവാണ്. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെയാണ് തങ്ങള്‍ ജീവിതം അവസാനിപ്പിക്കുന്നത്.

ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും ഭാഗത്ത് നിന്ന് നിരന്തരം കടുത്ത മാനസിക സമ്മര്‍ദ്ദം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പീഡനം തുടരുകയായിരുന്നു. ഇത്രയധികം കടബാധ്യതകള്‍ വരുത്തിവെച്ചത് ഭര്‍ത്താവാണ്. എന്നാലത് തീര്‍ക്കാനുള്ള യാതൊരു ശ്രമവും അയാളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഭര്‍തൃമാതാവായ കൃഷ്ണമ്മയുടെ ഭാഗത്തുനിന്നും നിരന്തരം പലവിധ ഭീഷണികളുണ്ടായിരുന്നു. വീട് വിറ്റ് കടം വീട്ടാനുള്ള ശ്രമത്തെ അവര്‍ തടഞ്ഞുവെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ജപ്തിഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യ; മകളുടെ മരണ ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നുവെന്ന് പിതാവ് ചന്ദ്രന്‍

മകളായ വൈഷ്ണവിയുടെ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചതിന് ശേഷമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തത്. എന്റെയും മോളുവിന്റെയും മരണ കാരണം കൃഷ്ണമ്മയും ചന്ദ്രനും ശാന്തയും കാശിയുമാണെന്ന് ഭിത്തിയില്‍ കരി കൊണ്ടും ലേഖ എഴുതിവെച്ചിരുന്നു. ഇതോടെ മരണം നടന്ന് ഈ സമയം വരെ പ്രതിക്കൂട്ടിലായിരുന്ന കനറാ ബാങ്ക് അധികൃതര്‍ക്ക് ഇപ്പോള്‍ താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്. ഭര്‍ത്താവും ഭര്‍തൃമാതാവുമാണ് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി മരണത്തിന് കാരണമാകുന്നതെന്നാണ് ലേഖ കത്തില്‍ എഴുതിവെച്ചിരിക്കുന്നത്. അതേസമയം ബാങ്കിന്റെ ഭാഗത്ത് നിന്ന് ജപ്തിഭീഷണിയുണ്ടായിരുന്നുവെന്നും കടുത്ത് സമ്മര്‍ദ്ദം നല്‍കിയിരുന്നുവെന്നതും വ്യക്തമാണ്. ബാങ്ക് ഇന്ന് ജപ്തിനടപടികളിലേക്ക് കടക്കാനിരിക്കുകയായിരുന്നു.

ലേഖയുടെ ഭര്‍ത്താവായ ചന്ദ്രനും ഇയാളുടെ അമ്മയായ കൃഷ്ണമ്മയും ഇന്നലെ മുതല്‍ പറഞ്ഞിരുന്നത് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ കടുത്തനടപടി മൂലമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ്. സ്ഥലം വില്‍പ്പന നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അത് നടക്കാത്തതിനാലും ജപ്തി ഒഴിവാക്കാന്‍ കഴിയില്ലെന്നതിനാലും വിഷമം താങ്ങാന്‍ കഴിയാത്തതിനാലാണ് മരുമകളും കൊച്ചുമകളും ആത്മഹത്യ ചെയ്തതെന്നാണ് കൃഷ്ണമ്മ അടക്കമുള്ളവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ കണ്ണീരോടെ മാധ്യമങ്ങളോട് സംസാരിച്ച കൃഷ്ണമ്മ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അഭിനയമായിരുന്നു നടത്തിയതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മകളുടെ മരണശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചുവെന്ന് പറഞ്ഞ് ചന്ദ്രനും തീര്‍ത്തും നിരപരാധിയായാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

അതേസമയം ജപ്തി ഭീഷണിയെത്തുടര്‍ന്ന് ഭാര്യയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചന്ദ്രന്റെ ആരോപണം ബാങ്ക് അധികൃതര്‍ നിഷേധിച്ചിരുന്നു. മകളുടെ ഒപ്പ് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നെ നിരന്തരം വിളിച്ച് പണം ആവശ്യപ്പെട്ടതിലുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഭാര്യയും മകളും മരിച്ചതെന്നുമാണ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ മകള്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വിശദമാക്കി. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതിന് സാക്ഷിയായി പോലും ബാങ്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി.

DONT MISS
Top