ദേശീയപാത വികസനം: ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ്

ദില്ലി:കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്ര ഗതാഗത സെക്രട്ടറിയുമായി വിശദമായി ചര്‍ച്ചചെയ്തതായി സംസ്ഥാന പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി കമല വര്‍ധന റാവു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസന പദ്ധതികള്‍ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയപാത അതോറിട്ടിയെയും കേന്ദ്ര ഗതാഗത മന്ത്രാലയത്തെയും ബോധ്യപ്പെടുത്തിയതായും പ്രിന്‍സിപ്പള്‍ സെക്രട്ടറി പറഞ്ഞു.

ദേശീയപാതാ വികസനം: കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രം റദ്ദാക്കി

ദേശീയപാത വികസനത്തിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ വളരെയേറെ മുന്നോട്ടുപോയ സാഹചര്യത്തില്‍ മുന്‍ഗണനാക്രമം പുനക്രമീകരിച്ച നടപടി കേരളത്തിലെ ദേശീയപാത വികസനത്തിന് തിരിച്ചടിയായിരുന്നു. 2018 ജനുവരിയില്‍തന്നെ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ ദേശീയപാത വികസനപദ്ധതികള്‍ രണ്ടാം മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയത് എന്‍എച്ച്എഐ തലത്തിലുള്ള തീരുമാനമായിരുന്നെന്നും നടപടി തിരുത്തുന്നതിന് കേന്ദ്ര ഗതാഗതമന്ത്രാലയത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഗതാഗത സെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

കേരളത്തിലെ ദേശീയ പാതകളിലെ വാഹന ബാഹുല്യവും ഉയര്‍ന്ന ഭൂമി വിലയും പദ്ധതിയില്‍ കാലതാമസം നേരിട്ടാല്‍ ദേശീയപാത വികസനം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസന പദ്ധതികള്‍, രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയ നടപടി പിന്‍വലിച്ച് ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നില നിര്‍ത്തുന്നതിന് കേരളം സമ്മര്‍ദ്ദം ശക്തമാക്കിയത്. ചര്‍ച്ചയില്‍ കേന്ദ്ര ഗതാഗത സെക്രട്ടറി സഞ്ജീവ് രഞ്ജന്‍, ജോയിന്‍്റ് സെക്രട്ടറി അമിത് കുമാര്‍ ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്കളാഴ്ച പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയപാത അതോറിട്ടി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു.

DONT MISS
Top