ജപ്തിഭീഷണി: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടം മലയില്‍ കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കാനറാ ബാങ്കിന്റെ ജപ്തി ഭീഷണി: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി; മകള്‍ മരിച്ചു

നെയ്യാറ്റിന്‍കരയ്ക്കു സമീപം മലയില്‍കടയില്‍ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ഥിനിയായ 19 കാരി വൈഷ്ണവിയും അമ്മ ലേഖയും മുറിയില്‍ കയറി വാതിലടിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരമാസകലം പൊള്ളലേറ്റ വൈഷ്ണവി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. 90 ശതമാനത്തിലധികം പൊള്ളലേറ്റ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ട് ഏഴ് മണിയോടെ ഇവരുടെ മരണവും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ ആത്മഹത്യാശ്രമം: മകള്‍ വൈഷ്ണവിക്ക് പിന്നാലെ അമ്മ ലേഖയും മരിച്ചു

കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്നും വീട് വെയ്ക്കുന്നതിനായി അഞ്ച് ലക്ഷം രൂപ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ വായ്പയെടുത്തത്. എട്ട് ലക്ഷം രൂപ തിരികെ അടച്ചുവെങ്കിലും ഇനി നാല് ലക്ഷം കൂടി അടയ്ക്കാനുണ്ടെന്ന് ബാങ്കധികൃതര്‍ അറിയിച്ചതായി ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞു. പലിശയടക്കം 6.80 ലക്ഷം രൂപ തിരികെ അടക്കണമെന്നായിരുന്നു ബാങ്കില്‍ നിന്ന് ലഭിച്ച നിര്‍ദേശം. ഇതിന്റെ പേരില്‍ തങ്ങള്‍ക്ക് ബാങ്കധികൃതരില്‍ നിന്നും നിരന്തര സമ്മര്‍ദമുണ്ടായിരുന്നതായും കുടുംബം വ്യക്തമാക്കുന്നു. ബുധനാഴ്ചയായിരുന്നു പണം അടയ്ക്കേണ്ട അവസാന തിയതി. വീടും പുരയിടവും ജപ്തി ചെയ്യുമെന്ന മാനസിക സമ്മര്‍ദം മൂലമാണ് ഇരുവരും ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

വീട് വില്‍പ്പന നടത്തി ബാങ്കിലെ കടം വീട്ടാനുള്ള ശ്രമം ഇവര്‍ നടത്തിയെങ്കിലും വിജയിച്ചില്ല. വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നതായി ലേഖ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നതായി ബാങ്കധികൃതരും വ്യക്തമാക്കി. ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം കണക്കിലെടുക്കാതെ ബാങ്ക് മാനേജര്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് നെയ്യാറ്റിന്‍കര കാരക്കോണം റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ റവന്യൂ മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബാങ്കധികൃതര്‍ക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പ്രദേശത്ത് തുടരുകയാണ്.

DONT MISS
Top