അവസാന പന്ത് വരെ ആവേശം; നാലാം കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

വിശാഖപട്ടണം: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന് ഐതിഹാസിക ജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഒരു റണ്ണിന് തോല്‍പിച്ചാണ് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനെ ആയുള്ളു.

അവസാന പന്തില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍ മാത്രമായിരുന്നു. മലിംഗ എറിഞ്ഞ അവസാന പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെ മുംബൈ നാലാം തവണയും കിരീടത്തില്‍ മുത്തമിട്ടു. ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ ചാമ്പ്യന്മാരാകുന്ന ടീം എന്ന റെക്കോര്‍ഡും മുംബൈ സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് ചെന്നൈ ഫൈനലില്‍ പരാജയപ്പെടുന്നത്.

ഐപിഎല്‍ ചാമ്പ്യന്മാരെ ഇന്നറിയാം; ചെന്നൈ-മുംബൈ പോരാട്ടം രാത്രി ഏഴരയ്ക്ക്

ഷെയ്ന്‍ വാട്സണ്‍ (59 പന്തില്‍ 80) ഒഴികെ ചെന്നൈ നിരയില്‍ മറ്റൊരാള്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഫാഫ് ഡു പ്ലെസിസ് (26), സുരേഷ് റെയ്ന (8), അമ്പാട്ടി റായുഡു (1), എം എസ് ധോണി (2), ഡ്വെയ്ന്‍ ബ്രാവോ (15), ഷാര്‍ദുല്‍ ഠാകൂര്‍ (2) എന്നിവരാണ് ചെന്നൈയുടെ പുറത്തായ മറ്റുതാരങ്ങള്‍. നാല് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വാട്സണിന്റെ ഇന്നിങ്സ്. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര രണ്ടും ക്രുനാല്‍ പാണ്ഡ്യ, ലസിത് മലിംഗ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിന് ആറ് വിക്കറ്റ് തോല്‍വി; ഫൈനലില്‍ മുംബൈ-ചെന്നൈ പോരാട്ടം

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 25 പന്തുകളില്‍നിന്ന് പൊള്ളാര്‍ഡ് 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്വിന്റന്‍ ഡി കോക്ക് (17 പന്തില്‍ 29), രോഹിത് ശര്‍മ (14 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (17 പന്തില്‍ 15), ഇഷാന്‍ കിഷന്‍ (26 പന്തില്‍ 23), ക്രുനാല്‍ പാണ്ഡ്യ (ഏഴ് പന്തില്‍ ഏഴ്), ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ 16), രാഹുല്‍ ചഹര്‍ (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മറ്റു മുംബൈ താരങ്ങളുടെ സ്‌കോറുകള്‍. ഇമ്രാന്‍ താഹിര്‍, ഷാര്‍ദുല്‍ ഠാകൂര്‍, ദീപക് ചാഹര്‍ എന്നിവര്‍ ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

DONT MISS
Top