ഒച്ചയുണ്ടാക്കാതെ വരും, പിന്നെ മെല്ല അടുക്കള വാതില്‍ തുറന്ന് കലത്തില്‍ തുമ്പിക്കൈയിട്ട് ചോറു മുഴുവന്‍ വാരിത്തിന്നും; ഇത് ബംഗാളിലെ അരിക്കള്ളന്‍ ആന

ആനകളാണ് ഇപ്പോള്‍ കേരളത്തിലെ സംസാര വിഷയം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് മാറ്റിയില്ലെങ്കില്‍ പൂരത്തിനും ഉത്സവങ്ങള്‍ക്കുമൊന്നും ഒറ്റ ആനകളെയും വിട്ടുനല്‍കില്ലെന്നാണ് ആനയുടമകളുടെ നിലപാട്. ഐക്യദാര്‍ഢ്യം പ്രേമിച്ച് സോഷ്യല്‍മീഡിയയില്‍ ആളുകള്‍ പറയുന്നത് വാശിവേണം, ഒരു കാരണവശാലും ആനകളെ വിട്ടുനല്‍കരുത് എന്നാണ്. അങ്ങനെയെങ്കിലും ആനകള്‍ അടിമത്വമില്ലാതെ സ്വതന്ത്രമായി ജീവിക്കട്ടെ എന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. ഇത് മനുഷ്യര്‍ മെരുക്കി വളര്‍ത്തുന്ന ആനകളുടെ കാര്യം. സ്വതന്ത്രനായി അര്‍മാദിച്ച് ജീവിക്കുന്നതിനിടെ മനുഷ്യര്‍ക്കിട്ട് നൈസായിട്ട് പണിയും നല്‍കുന്ന ആനയെക്കുറിച്ചുള്ള കഥയാണ് ബംഗാളിലെ ദുവാരസിലെ ആളുകള്‍ക്ക് പറയാനുള്ളത്.

ബംഗാളിലെ ദുവാരസില്‍ ചിലപട്ട വനത്തിലാണ് ജനങ്ങളുടെ സംസാരവിഷയമായ ആനയുടെ താമസം. തോന്നുമ്പോ തോന്നുന്ന വഴിക്ക് ഇറങ്ങി നടക്കുന്ന ഈ ആനയ്ക്ക് നാട്ടുകാര്‍ കൊടുത്ത പേര് ഭാത്ബൂട്ട് എന്നാണ്. ബംഗാളി ഭാഷയില്‍ അരിക്കള്ളന്‍ എന്നാണ് ഇതിനര്‍ത്ഥം. ഈ പേര് കിട്ടാനും ഒരു കാരണമുണ്ട്. അങ്ങനെ ഇറങ്ങി നടക്കുന്ന വഴിയില്‍ വല്ല വീടുകളുമുണ്ടെങ്കില്‍ ഭാത്ബൂട്ട് അവിടെ കയറും, വീടിനകത്തേയ്ക്ക് നടന്നു കയറാന്‍ പറ്റാത്തതിനാല്‍ തുമ്പിക്കൈ നീട്ടി അകത്തുള്ള സാധനങ്ങളൊക്കെ മെല്ലെ പുറത്തേക്കെടുക്കും.

ചോറാണ് പ്രധാന ലക്ഷ്യം. ഇതാണ് ഇഷ്ട ഭക്ഷണവും. അടുക്കളയ്ക്ക് സമീപത്ത് വന്നിട്ട് അകത്ത് പാകം ചെയ്തു വച്ചിരിക്കുന്ന ചോറ് പറ്റിയാല്‍ കലത്തോടെ എടുത്തുകൊണ്ടുപോകും. അതല്ലെങ്കില്‍ പറ്റാവുന്നത്ര വാരിത്തിന്നും. ഇങ്ങനെ ചോറു മോഷണം പതിവായതോടെ ആളുകള്‍ കള്ളനെ കണ്ടുപിടിച്ചു. അതോടെ അരിക്കള്ളന്‍ എന്നു പേരുമിട്ടു. ഇടയ്ക്ക് സ്വന്തം വീട്ടിലെ അടുക്കളയില്‍ ചോറ് മോഷ്ടിക്കാനെത്തിയ ഭാത്ബൂട്ടിന്റെ ഒരു ചിത്രം കേണല്‍ രോഹിത് ശര്‍മ്മ പകര്‍ത്തുകയും ചെയ്തു.

ഭാത്ബൂട്ട് ദുവാരസുകാര്‍ക്ക് സുപരിചതാണെങ്കിലും സോഷ്യല്‍ലോകത്ത് ഈ ആനക്കള്ളനെ പരിചയപ്പെടുത്തിയത് അഭിരൂപ് എന്നയാളാണ്. ചോറ് മോഷ്ടിക്കുന്ന ചിത്രം സഹിതമാണ് അഭിരൂപ് അരിക്കള്ളന്റെ കഥ ആളുകള്‍ക്കായി ട്വിറ്ററില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്.

DONT MISS
Top