ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പാളത്തില്‍ നിന്നും മറിഞ്ഞു വീണു തീ പിടിച്ചു; കാഴ്ച വിശ്വസിക്കാനാകാതെ യാത്രക്കാര്‍

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പാളത്തില്‍ നിന്നും മറിഞ്ഞു വീണു തീ പിടിച്ചത് കണ്ടതിന്റെ നടുക്കത്തിലായിരുന്നു ഇന്ന് ഷൊര്‍ണൂര്‍ റെയില്‍വെസ്‌റ്റേഷനിലെ ഒരു കൂട്ടം യാത്രക്കാര്‍. ജോലിക്കും മറ്റുമായി പോകുന്ന യാത്രക്കാരുടെ തിരക്കേറിയ സമയത്തായിരുന്നു അപ്രതീക്ഷിതമായി ട്രെയിന്‍ മറിഞ്ഞുവെന്ന വാര്‍ത്ത എത്തിയത്. യാത്രക്കാരുമായെത്തിയ ട്രെയിനിന്റെ ബോഗി പാളത്തില്‍ നിന്നും മറിഞ്ഞു വീണു തീ പിടിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇതോടെ സ്റ്റേഷനില്‍ ഉണ്ടായിരുന്നവര്‍ തിരക്കുകള്‍ മറന്ന് ഓടിക്കൂടി. അപ്പോഴേയ്ക്കും റെയില്‍വേ അധികൃതരും സജ്ജമായി. വിവരമറിയിച്ചതനുസരിച്ചു ദുരന്ത നിവാരണ സേനയുമെത്തി.

അപ്പോഴേക്കും തീ ആളിപ്പടര്‍ന്നു. ബോഗിക്കുള്ളില്‍ നിന്നും യാത്രക്കാരുടെ നിലവിളിയുയര്‍ന്നു. കണ്ടു നിന്ന യാത്രക്കാര്‍ വെപ്രാളത്തോടെ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചപ്പോള്‍ സുരക്ഷയുടെ പേരില്‍ റെയില്‍വേ അധികൃതര്‍ അത് തടഞ്ഞു. ഇത് പലരിലും ചെറിയൊരു അമ്പരപ്പുണ്ടാക്കി. യാത്രക്കാര്‍ നോക്കിനില്‍ക്കെ പിന്നെ അതിവേഗത്തിലായിരുന്നു ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനം. തീ പിടിച്ച് മറിഞ്ഞ ബോഗിക്കുള്ളില്‍ നിന്നും യാത്രക്കാരെ മുഴുവന്‍ പുറത്തെത്തിച്ചു. പലരും ശ്വാസ തടസം നേരിട്ടും മറ്റും അബോധാവസ്ഥയിലായിരുന്നു. ഇവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറ്റി. മണിക്കൂറിനുള്ളില്‍ യാത്രക്കാരെ രക്ഷപ്പെടുത്തി തീ അണച്ചു. ഇതിനു ശേഷമാണ് അമ്പരന്നു നിന്ന് യാത്രക്കാരോട് റെയില്‍വെ അധികൃതര്‍ സത്യം വെളിപ്പെടുത്തിയത്. കണ്ടത് അപകടമല്ല, പകരം റെയില്‍വെയൊരുക്കിയ മോക്ഡ്രില്‍ ആയിരുന്നു.

ട്രാക്കില്‍ നിന്നും മറഞ്ഞ കോച്ചില്‍ തീ പിടിക്കുകയാണെങ്കില്‍ അതിലെ യാത്രക്കാരെ രക്ഷിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന മോക്ക് ഡ്രില്‍ ആയിരുന്നു സംഭവമെന്ന് റെയില്‍വേയും ദുരന്ത നിവാരണ സേനയും യാത്രക്കാരോട് വിശദീകരിച്ചു. അപകടാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ജാഗ്രതയോടെ വേണമെന്നും അദികൃതര്‍ അറിയിച്ചു. ഇതോടെയാണ് യാത്രക്കാരുടെ അമ്പരപ്പിനും ഞെട്ടലിനുമൊക്കെ ശമനമുണ്ടായത്. എന്തായാലും റെയില്‍വെയുടെ നാടകം കണ്ടുനിന്നവര്‍ പിന്നീടാണ് സമയം വൈകിയത് തിരിച്ചറിഞ്ഞത്. പിന്നെ ആ വെപ്രാളത്തില്‍ അവരവരുടെ സ്ഥലങ്ങളിലേക്കും ട്രെയിനടുത്തേക്കും ഓടുന്ന തിരക്കിലായി യാത്രക്കാര്‍. പാലക്കാട് ഡിവിഷണല്‍ വിഭാഗത്തിന്റെ സഹകരണത്തോടെ ആയിരുന്നു മോക്ഡ്രില്‍ ഒരുക്കിയത്.

DONT MISS
Top