ഗതാഗത തിരക്കില്‍ മുങ്ങി തലസ്ഥാന നഗരം; 33 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് തലസ്ഥാനം മാറ്റാനുളള പദ്ധതിയുമായി ഇന്തോനേഷ്യ


നിലവിലെ തലസ്ഥാന നഗരമായ ജക്കാര്‍ത്തയില്‍ നിന്നും തലസ്ഥാനം മാറ്റാനുളള പദ്ധതിയുമായി ഇന്തോനേഷ്യ. അതിരൂക്ഷമായ ഗതാഗതക്കുരുക്കും മലിനീകരണവും മൂലമാണ് തലസ്ഥാനം ജക്കാര്‍ത്തയില്‍ നിന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്ന് പദ്ദതികളുടെ ചുമതലയുളള മന്ത്രി ബാംബാങ്ങ് ബ്രോഡ് ജോനിഗോറോ അറിയിച്ചു.

പ്രസിഡന്റ് ജോക്കോ വിഡോദൊയാണ് തീരുമാനമെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് തലസ്ഥാനം മാറ്റുവാന്‍ തീരുമാനമായത്. തലസ്ഥാനം എങ്ങോട്ടാണ് മാറ്റുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. ഒരു കോടി ജനസംഖ്യയുള്ള ജക്കാര്‍ത്തയില്‍ നിന്നും തലസ്ഥാനം മാറ്റുവാനുള്ള നീക്കം 1945 ല്‍ സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ പലവട്ടം നടന്നിട്ടുണ്ട്. ഈമാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിനു പിന്നാലെയാണ് പ്രസിഡന്റ് ജോക്കോ വിഡോദൊയുടെ ഈ തീരുമാനം.

‘ജാവ ദ്വീപിലെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്നു ജക്കാര്‍ത്തയിലെ ജനസംഖ്യ ഇന്‍ഡോനേഷ്യയിലെ മൊത്തം ജനസംഖ്യയുടെ 57 ശതമാനമാണ്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി, വെള്ളം, അല്ലെങ്കില്‍ ഗതാഗതമാര്‍ഗങ്ങള്‍ എന്നിവ നില നിര്‍ത്താന്‍ വളരെയധികം ബുദ്ധിമുട്ടായിരിക്കുകയാണ്, അതിനാലാണ് ജാവയ്ക്കു പുറത്ത് തലസ്ഥാനം നീക്കാന്‍ ഞാന്‍ തീരുമാനിച്ചത്’, പ്രസിഡന്റ് ജോക്കോ വിഡോദൊ മാധ്യമത്തോട് പറഞ്ഞു.

also read: കൊടും വരള്‍ച്ച: പ്രാര്‍ഥിച്ച് മഴ പെയ്യിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

ഏകദേശം 33 മില്ല്യണ്‍ ഡോളറാണ് തലസ്ഥാനം മാറ്റുന്നതിനായി ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. തലസ്ഥാനം എങ്ങോട്ടാണ് മാറ്റുക എന്ന് വ്യക്തമായിട്ടില്ലെങ്കിലും ബോര്‍നിയോ ദ്വീപിലെ പലങ്കാറായയാണ് ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനമാകാന്‍ സാധ്യത. മുന്‍ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റും ആര്‍ക്കിടെക്റ്ററുമായ സുകാര്‍ണോ 1950 ല്‍ രൂപകല്പന ചെയ്ത നഗരമാണ് പലങ്കാറാ. ഏകദ്ദേശം 200,000 ല്‍ അധികം ജനവാസമുളള നഗരമാണിത്.

2016-ലെ സര്‍വെപ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ ഗതാഗതക്കൂരുക്ക് നേരിടുന്ന നഗരമാണ് ജക്കാര്‍ത്ത. വര്‍ഷംതോറും 50,000 കോടിയോളം രുപയുടെ അധികച്ചെലവുണ്ടാക്കുന്നുവെന്ന് മന്ത്രി ബാംബാങ്ങ് പറഞ്ഞു. തലസ്ഥാന നഗരം മാറ്റുന്ന പദ്ധതി നഗരത്തിന്റെ വളര്‍ച്ചക്കും ഗുണം ചെയ്യുമെന്നും ബാംബാങ്ങ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്തരത്തിലൊരുമാറ്റത്തിന് ഏകദ്ദേശം 10 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് പദ്ദതികളുടെ ചുമതലയുളള മന്ത്രി ബാംബാങ്ങ് ബ്രോഡ് ജോനിഗോറോ പറഞ്ഞു. ‘ഇത് ഒരു വലിയ ജോലിയാണ്, ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാന്‍ കഴിയുന്നല്ല, ഏകദേശം 10 വര്‍ഷം വരെ എടുത്തേക്കാം,’ ബാംബാങ്ങ് ബ്രോഡ് പറഞ്ഞു.

ഇത്തരത്തില്‍ തലസ്ഥാന നഗരം മാറ്റുന്ന ആദ്യത്തെ രാജ്യമല്ല ഇന്തോനേഷ്യ. മറ്റു പല രാജ്യങ്ങളും അവരുടെ തലസ്ഥാനനഗരങ്ങള്‍ മാറ്റിയ ചരിത്രമുണ്ട്. നൈജീരിയ തലസ്ഥാനമായ ലാഗോസില്‍ നിന്ന് അബൂജയിലേയ്ക്ക് മാറ്റി. പാകിസ്താന്‍ തലസ്ഥാനമായ കറാച്ചിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് മാറി. റിയോ ഡി ജനീറോയില്‍ നിന്നും ബ്രസീലിയയിലേക്ക് ബ്രസീല്‍ തലസ്ഥാനം മാറ്റി. മരുഭൂമിയില്‍ ഒരു പുതിയ തലസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രക്രിയയിലാണ് ഈജിപ്ത്.

also read: പൊങ്ങച്ചം പറയുന്ന അമ്മയായിരിക്കും താനിന്ന്, ക്ഷമിക്കുക’; മകന്റെ പ്ലസ് ടു ഫലം പങ്കുവെച്ച് സ്മൃതി ഇറാനി

DONT MISS
Top