തലശേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ വോട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; സംസ്ഥാനത്ത് പോളിംഗിനിടെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം ഒന്‍പതായി

എ കെ മുസ്തഫ

തലശേരി നഗരസഭ മുന്‍ കൗണ്‍സിലറും മുസ്‌ലിം ലീഗ് മുന്‍ നേതാവുമായിരുന്ന എകെ മുസ്തഫ കുഴഞ്ഞ് വീണു മരിച്ചു. മാരിയമ്മന്‍ ബൂത്തില്‍ വച്ചാണ് സംഭവം. ഇതോടെ സംസ്ഥാനത്ത് പോളിംഗിനിടെ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം ഒന്‍പതായി. വൈക്കത്ത് വോട്ടു ചെയ്യാനിറങ്ങിയ (84) കാരി വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേപ്പ് അല്‍പ്പം മുന്‍പ് കുഴഞ്ഞു വീണു മരിച്ചിരുന്നു. ആലപ്പുഴ മാവേലിക്കര കണ്ടിയൂര്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരനും(74) വോട്ട് ചെയ്ത് പുറത്തിറങ്ങിയതിനു ശേഷം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

വോട്ട് ചെയ്ത് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ശേഷമാണ് തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാര്‍ കുഴഞ്ഞുവീണു മരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം കിളികൊല്ലൂരില്‍ വോട്ടു ചെയ്യാനെത്തിയ കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (പുരുഷന്‍63) കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂര്‍ എല്‍പി സ്‌കൂളില്‍ 5ാം നമ്പര്‍ ബൂത്തിലാണു സംഭവം. വോട്ടര്‍ പട്ടികയില്‍ തന്റെ പേരു കാണാത്തതിനെത്തുടര്‍ന്നു പോളിങ് ഓഫിസറുമായി സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) വഴിയില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. കാലടിയില്‍ പാറപ്പുറം കുമാരനാശാന്‍ സ്മാരക എല്‍പിഎസ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടിയും (87) കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാന്‍ സ്ലിപ് വാങ്ങിയശേഷം ബൂത്തിനുള്ളില്‍ തളര്‍ന്നു വീഴുകയായിരുന്നു.

കൊല്ലം കിളിക്കൊല്ലുരില്‍ പോളിങ്ങ് ബൂത്തില്‍ കുഴഞ്ഞു വീണ കിളികൊല്ലൂര്‍ സ്വദേശി മണി (59) മരിച്ചു. ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ മാറോളില്‍ സ്വദേശി വിജയ (62) ആണ് ആദ്യം കുഴഞ്ഞു വീണു മരിച്ചത്. ചൊക്ലി രാമവിലാസം യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനായി വരി നില്‍ക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചന്‍ (66) കുഴഞ്ഞുവീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178ാം നമ്പര്‍ ബൂത്തിലായിരുന്നു ചാക്കോ മത്തായി വോട്ട് ചെയ്യാനെത്തിയത്.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ വോട്ടു ചെയ്യാന്‍ വരിയില്‍ നിന്ന യുവതിയും കുഴഞ്ഞു വീണിരുന്നു. വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 129ാം നമ്പര്‍ ബൂത്തിലാണ് യുവതി കുഴഞ്ഞ് വീണത്. വെള്ളമുണ്ട എട്ടേ നാല്‍ വട്ടക്കോളി ജാഫറിന്റെ ഭാര്യ നസീമ (23) ആണ് രാവിലെ എട്ടരയോടെ മറ്റ് സ്ത്രീകള്‍ക്കൊപ്പം വരിനില്‍ക്കെ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണത്. പ്രിസൈഡിംഗ് ഓഫീസറും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസറും ചേര്‍ന്ന് തൊട്ടടുത്ത ക്ലാസ്സ് മുറിയില്‍ നസീമക്ക് വിശ്രമ സൗകര്യം ഒരുക്കി. കുറച്ചു സമയത്തിന് ശേഷം നസീമയും ഭര്‍ത്താവും വോട്ടു ചെയ്ത് മടങ്ങി.

DONT MISS
Top