കിഫ്ബി ദിവാസ്വപ്‌നമല്ല; വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് തോമസ് ഐസക്

തോമസ് ഐസക്ക്

കിഫ്ബി ദിവാസ്വപ്‌നമല്ല എന്ന് ഡോ. തോമസ് ഐസക്. വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് രണ്ട് വീഡിയോകളും അദ്ദേഹം പങ്കുവച്ചു.

പൈതൃകസംരക്ഷണ പദ്ധതിയാണ് കെഎന്‍ ബാലഗോപാലിന്റെ പ്രകടനപത്രികയിലെ പ്രധാന ഘടകം എന്നതിനേക്കുറിച്ചും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഡച്ച് നഗരാസൂത്രണ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ രൂപം നൽകിയ പട്ടണമായിരുന്നു, തങ്കശേരി . കോട്ട, കോട്ടയ്ക്ക് പുറകിലായി മൂന്നു റോഡുകൾ, റോഡിനിരുപുറവും കെട്ടിടങ്ങൾ, കൊല്ലം തോടുമായി ബന്ധപ്പെടുത്തിക്കൊണ്ടൊരു കനാൽ. പഴയ പോർട്ടുഗീസ്, ഡെച്ച് മാതൃകയിലുള്ള കെട്ടിടങ്ങളെല്ലാം പോയി. പഴയ കത്തീഡ്രൽ പോലും.

പകരം ആധുനിക വീടുകളും കെട്ടിടങ്ങളും വന്നു. ആഗ്ലോ ഇന്ത്യൻകാരും. ഇപ്പോഴും മൂന്നു സമാന്തര റോഡുകൾ കേടില്ലാതെയുണ്ട്. പാലസ് റോഡ്, കോൺവെന്റ് റോഡ്, സ്കൂൾ റോഡ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്ഥാപിക്കപ്പെട്ട ആംഗ്ലോ ഇന്ത്യൻ സ്കൂൾ ഒരുകാലത്ത് നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളെയൊക്കെ ആകർഷിച്ചിരുന്നു.

പാലസ് റോഡിലാണ് ബിഷപ്പിന്റെ അരമന. അതിലൊരു ഭാഗം ഇപ്പോഴും പത്തൊമ്പതാം നൂറ്റാണ്ടിലെ കെട്ടിടമാണ്. മദർ തെരേസയുടെ സഭയുടെ ആതുരാലയവും കോൺവെന്റ് റോഡിലുണ്ട്. കൊല്ലം പട്ടണത്തിലെ ഏറ്റവും വൃത്തിയുള്ള പ്രദേശങ്ങളിലൊന്ന് ഇതുതന്നെയാണ്.

പക്ഷേ കടപ്പുറവും തീരറോഡുമെല്ലാം ഏറ്റവും മലിനീകരിക്കപ്പെട്ടിരിക്കുന്നു. എങ്ങും പ്ലാസ്റ്റിക്കാണ്. പോർട്ടിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. കേരളത്തിൽ ഏറ്റവും വിശാലമായ കടപ്പുറങ്ങളിലൊന്ന് ഇവിടെയാണ്. പഴയ കോട്ടയുടെ നിഴൽ മാത്രമേയുള്ളൂ. യൂറോപ്യൻകാരുടെ സെമിത്തേരി ഏതാണ്ട് പൂർണമായി നാമാവശേഷമായിട്ടുണ്ട്. 
തങ്കശേരിയെ എങ്ങനെ ഒരു പൈതൃകകേന്ദ്രമായും കൊല്ലം നഗരത്തെ ഏറ്റവും ശുചിയും സുന്ദരവുമായ പ്രദേശമായി മാറ്റാം?

ഇത്തരമൊരു പൈതൃകസംരക്ഷണ പദ്ധതിയാണ് കെ എൻ ബാലഗോപാലിന്റെ പ്രകടനപത്രികയിലെ പ്രധാന ഘടകം. ഇതാണ് ഞങ്ങൾ കോട്ടയുടെ മുമ്പിൽ വട്ടം വളഞ്ഞിരുന്ന് ചർച്ച ചെയ്തത്. റോമാൻ അച്ചനായിരുന്നു അധ്യക്ഷൻ. മേയറുമുണ്ടായിരുന്നു. ആർക്കിടെക്ട് മനോജും പിന്നെ വായനശാലകളുടെയും ക്ലബുകളുടെയും പ്രവർത്തകരും. ഒരു ചെറു സദസ്. വലിയൊരു സംരംഭത്തിനു തുടക്കം. ഒട്ടേറെ നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ പട്ടയം, വീടുകളുടെ അറ്റകുറ്റപ്പണി, പെയിന്റടിക്കൽ, ഓടകളുടെ പുനർനിർമ്മാണം തുടങ്ങിയവയൊക്കെ ചർച്ചാവിഷയമായി. പൈതൃക സംരക്ഷണം എന്നു പറയുമ്പോൾ സാംസ്ക്കാരിക പൈതൃകവും പ്രധാനപ്പെട്ട ഒന്നാണ്.

മീൻപിടിത്ത രീതികൾ, വിശേഷ ഭക്ഷണങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ഇവയൊക്കെ പദ്ധതിയുടെ ഭാഗമായി ഡോക്യുമെന്റു ചെയ്യണമെന്ന നിർദ്ദേശവും ഉണ്ടായി. ചരിത്രകാരന്മാർ, കലാകാരന്മാർ, ആർക്കിടെക്ടുകൾ തുടങ്ങിയവരെയൊക്കെ സംഘടിപ്പിച്ച് ജൂൺ മാസത്തിൽ ഒരു ഏകദിന സെമിനാറിനു പ്ലാനിട്ടിരിക്കുകയാണ്. ആ യോഗത്തിൽ വെച്ച് തങ്കശേരി പൈതൃക സംരക്ഷണ പദ്ധതിയ്ക്ക് രൂപം നൽകും.

DONT MISS
Top